പമ്പയ്ക്കുപോകാം; അയ്യപ്പന്മാരെ വരവേൽക്കാൻ കെ.എസ്.ആർ.ടി.സി.

പത്തനംതിട്ട : ശബരിമല തീർഥാടകർക്കുള്ള പമ്പ സർവീസായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് അയ്ക്കുന്നത് 28 സ്പെഷ്യൽ സർവീസുകൾ. ഇതിനായി വിവിധ ഡിപ്പോകളിൽനിന്നുള്ള ബസുകൾ 14-ന് വൈകിട്ടോടെ പമ്പയിലെത്തും.
16-ന് വൈകീട്ടാണ് നടതുറക്കുന്നത്. അന്നുമുതൽ പമ്പ സർവീസ് നടത്തും. മകരവിളക്കിന് പമ്പ സർവീസിനായി കൂടുതൽ ബസ് കിട്ടുമെന്നാണ് പ്രതീഷ.
മറ്റു ഡിപ്പോകളിൽനിന്ന് 22 ബസുകളാണെത്തുന്നത്. ഇതിൽ പത്തനംതിട്ട ഡിപ്പോയിൽനിന്നുള്ള ആറുബസുകളും പമ്പസർവീസിന് വിടുന്നുണ്ട്. കൂടുതലും സൂപ്പർ ഫാസ്റ്റ് ബസുകളാണ് പമ്പ സർവീസായി അയയ്ക്കുന്നത്. 19 സൂപ്പർ ഫാസ്റ്റ് സർവീസും ഒൻപത് ഫാസ്റ്റ് പാസഞ്ചർ സർവീസുമാണ്.
24 മണിക്കൂറും പമ്പയിലേക്ക് പത്തനംതിട്ട ഡിപ്പോയിൽനിന്ന് സർവീസുണ്ട്. പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയിൽ അയ്യപ്പന്മാർക്ക് വിരിവെയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യം താഴത്തെനിലയിൽതന്നെ ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 2.30, വൈകീട്ട് 6.45 എന്നീസമയങ്ങളിൽ പ്രിയദർശിനി ഒാർഡിനറി സർവീസുകളുണ്ട്. 92 രൂപയാണ് ചാർജ്. രാവിലെ 10, 11.20 സമയങ്ങളിൽ രണ്ട് സ്ഥിരം ഫാസ്റ്റ് പാസഞ്ചർ സർവീസുണ്ട്. 112 രൂപയാണ് ചാർജ്. എന്നാൽ, സീസണിൽ സ്പെഷ്യൽ സർവീസാണ് കൂടുതലും. അപ്പോൾ ഫാസ്റ്റ് പാസഞ്ചറിന് 143 ആയും സൂപ്പർഫാസ്റ്റിന് 147 രൂപയായും ഉയരും.
മണ്ഡല-മകരവിളക്കിന് പത്തനംതിട്ട ഡിപ്പോയിൽ മുഴുവൻസമയ സ്റ്റേഷൻമാസ്റ്റരുടെ സേവനം ലഭ്യമാക്കും. ചെങ്ങന്നൂരിൽ നിന്നുവരുന്ന മാളികപ്പുറങ്ങൾക്ക് അവിടെ സ്റ്റാൻഡിൽനിന്ന് പത്തനംതിട്ടവരെ പ്രിയദർശിനി ബസിൽ വരാം.
ചാർട്ടേഡ് ട്രിപ്പ്
അയ്യപ്പന്മാർക്കായി ചാർട്ടേട് ട്രിപ്പും പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് അയയ്ക്കുന്നുണ്ട്. നിർത്തികൊണ്ടുപോകില്ല. സീറ്റിങ് കപ്പാസിറ്റിയേക്കാൾ കുറഞ്ഞ ആളുകളാണെങ്കിലും ചാർട്ടേഡ് ട്രിപ്പ് ബുക്ക് ചെയ്തുപോകാം. തിരികെവരുമ്പോൾ പമ്പയിലും ചാർട്ടേഡ് ട്രിപ്പ് ബുക്ക് ചെയ്യാൻ കഴിയും. ചാർട്ടേഡ് ഫാസ്റ്റ് സർവീസിന് പത്തനംതിട്ടയിൽനിന്ന് പമ്പയ്ക്ക് 9300, സൂപ്പർഫാസ്റ്റിന് 9700, സൂപ്പർ ഡീലക്സിന് 10764 എന്നിങ്ങനെയാണ് റേറ്റ്.
ഒരു ബസിൽ കണ്ടക്ടറെയും ഡ്രൈവറെയും കൂടാതെ 51 യാത്രക്കാർക്ക് പോകാം. അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് പോയിഅവരെ കയറ്റും. എന്നാൽ അവിടെവരെയുള്ള തുകയും ശബരിമല റൂട്ടല്ലെങ്കിൽ അവിടെനിന്ന് പത്തനംതിട്ടയിലേക്കുള്ള ബസ്ചാർജും ഇൗടാക്കും.