എം.സി.റോഡിൽ മൺകൂന; അപകടഭീതിയിൽ മിത്രപുരം

മിത്രപുരം : മഴക്കാലത്ത് മിത്രപുരം അമലഗിരി എസ്റ്റേറ്റ് ഭാഗത്തുനിന്ന് ഇറക്കമുള്ള റോഡിലൂടെ ഒലിച്ചിറങ്ങുന്ന മണ്ണ് എം.സി.റോഡിൽ മൺകൂനയായി അടിഞ്ഞുകൂടുന്നത് അപകടഭീഷണി ഉയർത്തുന്നു. മിത്രപുരം ഭാഗത്താണ് റോഡിൽ ചെളിയും മണ്ണും നിറഞ്ഞ് വാഹനയാത്രക്കാർക്ക് ദുരിതമാകുന്നത്.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മണ്ണും ചെളിയും നിറയുന്നത് ഗതാഗതസുരക്ഷയ്ക്ക് വെല്ലുവിളിയാകുകയാണ്.മഴ ശക്തമാകുന്നതോടെ മിത്രപുരം അമലഗിരി എസ്റ്റേറ്റ് ഭാഗത്തുനിന്ന് വെള്ളത്തിനൊപ്പം മണ്ണും കുത്തിയൊലിച്ചെത്തി റോഡിൽ പരക്കുകയാണ്. റോഡരികിൽ അടിഞ്ഞുകൂടുന്ന മണ്ണ് വാഹനങ്ങൾ കടന്നുപോകുന്നതോടെ റോഡിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
ഇതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണംനഷ്ടപ്പെടാനുള്ള സാധ്യതയേറെയാണ്. നനഞ്ഞറോഡിൽ ചെളി പടരുന്നത് കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നല്ല ഇറക്കമുള്ള ഭാഗത്തുനിന്ന് മഴവെള്ളം ശക്തമായി ഒഴുകിയെത്തുന്നതാണ് മണ്ണ് റോഡിൽ അടിഞ്ഞുകൂടാൻ കാരണമാകുന്നത്. മഴ പെയ്യുമ്പോഴെല്ലാം ഈ സ്ഥിതി ആവർത്തിക്കുന്നതിനാൽ യാത്രക്കാർ ആശങ്കയിലാണ്.വാഹനത്തിരക്കേറിയ എം.സി.റോഡിൽ ഇത്തരത്തിൽ മൺകൂന രൂപപ്പെടുന്നത് ഗതാഗതത്തെ ബാധിക്കാനും അപകടങ്ങൾക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞദിവസം ഈ ഭാഗത്ത് ഇരുചക്രവാഹനം നിയന്ത്രണംതെറ്റി മറിഞ്ഞിരുന്നു. സ്കൂട്ടർയാത്രിക നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായി സമീപവാസികൾ പറഞ്ഞു. ഇതിനാൽ മഴവെള്ളത്തോടൊപ്പം മണ്ണ് റോഡിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റോഡിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കംചെയ്ത് യാത്ര സുരക്ഷിതമാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കെ.എസ്.ടി.പി.ക്കാണ് റോഡിന്റെ സംരക്ഷണച്ചുമതലയുള്ളത്.