മധുരനാളുകൾ മറന്ന് മതിരംപുഴച്ചാൽ

തിരുവല്ല : നാടൻ വള്ളംകളി വരെ നടന്ന മതിരംപുഴച്ചാലിൽ വീണ്ടും പായലും പോളയും നിറഞ്ഞു. ചുറ്റുവട്ടത്തെ കിണറുകളിൽ ശുദ്ധജലം നൽകേണ്ട ചാൽ ഇത്തവണ പാടെ വറ്റിപ്പോകുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.
പലഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ നവീകരണം നടന്ന തോടിനാണ് ദുർഗതി. കുറ്റൂർ പഞ്ചായത്തിൽ മണിമലയാറിനും വരട്ടാറിനും ഇടയിലാണ് മതിരംപുഴച്ചാൽ. മണിമലയാറ്റിലെ കറുത്താലി തോട്ടിൽനിന്നാണ് മതിരംപുഴച്ചാലിന്റെ തുടക്കം. മൂന്നാം വാർഡിലാണ് ചാലിന്റെ പ്രധാനഭാഗങ്ങൾ. എം.സി. റോഡിലെ കോതാട്ടുചിറ കലുങ്കുവഴി ആഞ്ഞിലിക്കുഴിയാറിലെത്തി മണിമലയാറ്റിൽ ചേരുന്ന ജലശ്രോതസ്സാണ് മതിരംപുഴ. മൂന്നാം വാർഡിലാണ് മതിരംപുഴയുടെ പ്രധാന ഭാഗം. ഇവിടെ 10 ഏക്കറോളം വിസ്തൃതിയിലായിരുന്നു വർഷങ്ങൾക്ക് മുമ്പ് ചാൽ ഉണ്ടായിരുന്നത്. ഇപ്പോൾ അഞ്ചേക്കറിലേക്ക് ചുരുങ്ങി. മാസങ്ങൾക്ക് മുമ്പും ഇവിടെനിന്ന് പായലടക്കം നീക്കിയിരുന്നു.
വാരിയതിനേക്കാൾ കൂടുതൽ ഇപ്പോൾ വീണ്ടും നിറഞ്ഞു. ചാലിന്റെ വശത്ത് തൊഴിലുറപ്പ്‌വഴി മുളന്തുരുത്ത് വളർത്തിയെടുത്തിരുന്നു. 2024-ലെ ഹരിതകേരള മിഷന്റെ ജില്ലാതലത്തിലുള്ള മികച്ച മുളന്തുരുത്തിനുള്ള പുരസ്‌കാരവും നേടി. വരമ്പ് നിർമിക്കൽ, വശങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കൽ, മൺ റോഡ് നിർമാണം, കല്ലുകെട്ട് എന്നിവ നടത്തിയാണ് തുരുത്ത് രൂപപ്പെടുത്തിയത്. 25,31,563 രൂപയാണ് അന്ന് പദ്ധതിക്കായി ചെലവാക്കിയത്.
2020-21-ൽ ഹരിതകേരളമിഷൻ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി മതിരംപുഴച്ചാൽ ഏറ്റെടുത്തിരുന്നു. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പുഴകളെ സംരക്ഷിക്കുന്ന ലക്ഷ്യത്തിലായിരുന്നു ഏറ്റെടുക്കൽ.
വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ തുടർ പ്രക്രീയയായി അക്കാലത്ത് വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു. അട്ടപ്പാടി, ചിന്നാർ, നിലമ്പൂർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കല്ലൻമുള നട്ടാണ് മുളന്തുരുത്ത് രൂപപ്പെടുത്തിയത്. 100 മീറ്ററോളം ദൂരത്തിലാണ് തുരുത്ത്. മധ്യത്തിലൂടെ വഴിയുമുണ്ട്. തുരുത്തിലേക്ക് കയറാൻ കൃത്യമായ വഴിയില്ലാത്തത് തിരിച്ചടിയായി.
രണ്ട് മുളകൾ കൂട്ടിക്കെട്ടിയാണ് തുരുത്തിലേക്ക് പാലം ഇട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് മുമ്പും മതിരംപുഴയിൽനിന്നും പായലടക്കം വാരി മാറ്റിയിരുന്നു. കുളയട്ടയടക്കം ചാലിൽ നിറഞ്ഞതോടെ പ്രദേശവാസികൾ നേരിട്ട് ഉപയോഗിക്കുന്നില്ല.
പ്രാദേശിക ഷൂട്ടിങ് ലൊക്കേഷനായി വളർത്തിയെടുക്കാവുന്ന പ്രദേശമാണിവിടം. മതിരംപുഴയെ വീണ്ടെടുക്കാൻ പഞ്ചായത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണ്.
10 ലക്ഷത്തിന്റെ പദ്ധതി ഉടൻ
:പത്ത് ലക്ഷം രൂപ നവീകരണ പദ്ധതികൾക്കായി പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. 13-ന് ടെൻഡർ തുറക്കും. ആറുലക്ഷം രൂപയുടെ ഫണ്ടുകൂടി ലഭിക്കും. പി.ടി. ഉഷ എം.പി.യുടെ ഫണ്ടിൽനിന്ന് കൂടുതൽ ഫണ്ടുകൂടി കിട്ടുമെന്നാണ് പ്രതീക്ഷ. മതിരംപുഴയെ നാട്ടുകാർക്ക് പ്രയോജനകരമാകുംവിധം മാറ്റിയെടുക്കാൻ ഈ പദ്ധതികളിലൂടെ കഴിയും
- ദീപ ആർ.നായർ, മൂന്നാം വാർഡ് മെമ്പർ