സൗജന്യ നേത്രചികിത്സ 100-ാം ക്യാമ്പ് നടത്തി റെഡ്‌ക്രോസ് സൊസൈറ്റി

തിരുവല്ല : ആതുര സേവനരംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി കാൽ നൂറ്റാണ്ട് പിന്നിട്ട് തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റി. തുടക്കംമുതൽ സൗജന്യ നേത്രചികിത്സ ഏറ്റെടുത്ത സൊസൈറ്റിയുടെ 100-ാം ക്യാമ്പ് കഴിഞ്ഞ ദിവസം നടന്നു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു.

ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ, സ്വാമി നിർവിണാന്ദ, മൗലവി ഡോ. അലി അൽ ഫൈസി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സബ് കളക്ടർ പാർവതീ ഗോപകുമാർ, നഗരസഭാ അധ്യക്ഷ എസ്. ലേഖ, ബാബു കല്ലുങ്കൽ, എം. സലീം, സാമുവൽ ചെറിയാൻ, കെ.പി. രമേശ്, പി.എം. അനീർ, ഷാജി തിരുവല്ല, ഡോ. സജി കുര്യൻ, വി.പി. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സൗജന്യ ഉച്ചഭക്ഷണം മുടക്കം കൂടാതെ സൊസൈറ്റി നൽകി വരുന്നു. സൗജന്യ മെഡിക്കൽ ക്യാമ്പുകളും മരുന്നു വിതരണവും, നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം, സൗജന്യ ആംബുലൻസ് സേവനം, സ്‌കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ബോധവത്കരണപ്രവർത്തനങ്ങൾ, സ്‌കൂൾ കുട്ടികൾക്കായി നീന്തൽ പരിശീലനം, വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർതനങ്ങൾ തുടങ്ങിയ സേവന പ്രവർത്തനങ്ങളും റെഡ് ക്രോസ് സൊസൈറ്റി നടത്തുന്നുണ്ട്.

കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള 14,680 രോഗികൾക്ക് കാഴ്ചനൽകാൻ കഴിഞ്ഞ 99 ക്യാമ്പുകളിലൂടെ സാധിച്ചു. തിരുനൽവേലി അവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന നൂറാമത്തെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് ആണ് കഴിഞ്ഞ ദിവസം നടന്നത്. ക്യാമ്പിൽ പരിശോധിച്ച് തിമിര ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്തവരെ അരവിന്ദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.