നാടിന് ഉത്സവമായി പുതിയപാലം ഉദ്ഘാടനം

മാരാമൺ / കോഴഞ്ചേരി : കോഴഞ്ചേരിയിലെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമായി പമ്പാനദിക്ക് കുറുകേ നിർമിച്ച കോഴഞ്ചേരി പുതിയ സമാന്തര പാലം ഉദ്ഘാടന ചടങ്ങ് നാടിനാഘോഷമായി. ഉദ്ഘാടന ചടങ്ങിനായി എത്തിയ മന്ത്രി പി.കെ. ബഷീറിനെ എം.എൽ.എ.മാരായ അബിൻ വർക്കി, പഴകുളം മധു എന്നിവരും മറ്റ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നാലേകാലോടെ എത്തിയ മന്ത്രിയെ തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വള്ള പ്പാട്ടിന്റെയും അകമ്പടിയോടെ ആഘോഷപൂർവമായ ഘോഷയാത്രയായാണ് പുതിയ പാലത്തിലേക്ക് ആനയിച്ചത്. ഉത്സവപ്രതീതിയിലായിരുന്നു ചടങ്ങുകൾ. പാലത്തിന്റെ മാരാമൺ ഭാഗത്തായിരുന്നു നാടമുറിക്കൽ ചടങ്ങ് നടന്നത്. തുടർന്ന് മന്ത്രി ഉൾപ്പെടെ ഉള്ളവർ പാലത്തിലൂടെ നടന്ന് മറുകരയിലെ യോഗ സ്ഥലത്തേക്ക് പോവുകയായിരുന്നു. പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ കോഴഞ്ചേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പുതിയ പാലം വരുന്നതോടെ ടൗണിൽ പുതിയ വൺവേ ഉൾപ്പെടെയുള്ള ഗതാഗത ക്രമീകരണങ്ങളും നിലവിൽ വരും.
പാലത്തിലൂടെ ആദ്യം കെ.എസ്.ആർ.ടി.സി.
ജനസഞ്ചയമാണ് കോഴഞ്ചേരി പാലം ഉദ്ഘാടനത്തിനെത്തിയത്. ചടങ്ങുകൾക്കുശേഷം രണ്ട് കെ.എസ്.ആർ.ടി.സി. ബസുകളിലായി കോഴഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽനിന്നും വിശിഷ്ടാതിഥികൾ പാലത്തിൽകൂടി യാത്ര ചെയ്തതോടെ പാലം ഗതാഗതത്തിന് തുറന്നുനൽകി.
ഉദ്ഘാടനത്തിന് ഒഴുകിയെത്തിയ ജനങ്ങൾ പുതിയ പാലത്തിലും പഴയ പാലത്തിന്റെ നടപ്പാതയിലും സ്വകാര്യ ബസ് സ്റ്റാൻഡിലും നിറഞ്ഞുനിന്ന്് വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. മന്ത്രിയും സംഘവും പാലത്തിൽ കൂടി നടന്നു കോഴഞ്ചേരി വണ്ടിപ്പേട്ടയിലുള്ള സമ്മേളനവേദിയിലേക്കെത്തിയപ്പോൾ വഞ്ചിപ്പാട്ട് പാടിയും വർണ ബലൂണുകൾ പറത്തിയും ആഹ്ളാദാരവത്തോടെ നാട്ടുകാരും ഒപ്പംകൂടി. “ഇത് ജനങ്ങളുടെ പദ്ധതിയാണ് ജനങ്ങളാണ് അവകാശികൾ” എന്ന് അബിൻ വർക്കി എം.എൽ.എ. പ്രഖ്യാപിച്ചതും ചടങ്ങിന് മാറ്റുകൂട്ടി.