ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ് 15 വർഷം ഒളിവിലായിരുന്ന പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട : കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ 15 വർഷത്തോളം ഒളിവിൽകഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവും നാലുലക്ഷംരൂപ പിഴയും.

അയിരൂർ വെള്ളിയറ കടമാൻകുഴിയിൽ രാജീവിനെ(മുത്തു-52) ആണ് പത്തനംതിട്ട അഡിഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (നാല്) ശിക്ഷിച്ചത്. ജഡ്ജ് ഡോണി തോമസ് വർഗീസിന്റേതാണ് വിധി.

2010 നവംബർ ഒന്നിനാണ് രാജീവ് ഭാര്യ സിന്ധുവിനെ (34) തീകൊളുത്തി കൊന്നത്. പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്ത പ്രതി, 2011 നവംബർ 30-ന് ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പോലീസ് തുടർന്നു.

15 വർഷത്തിനുശേഷം 2024 ഡിസംബർ 16-ന് അന്നത്തെ കോയിപ്രം സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. എ.എസ്.ഐ. ഷിബുരാജ്, എസ്.സി.പി.ഒ. ജോബിൻ ജോൺ, സി.പി.ഒ. അരുൺ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിലാണ് ശിക്ഷ ലഭിച്ചത്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ധ്യ ടി.വാസു ഹാജരായി. പ്രോസിക്യൂഷൻ എയ്ഡായി ശൈലജാദേവിയും സ്റ്റേഷൻ പ്രോസിക്യൂഷൻ എയ്ഡായി അഖിലും പ്രവർത്തിച്ചു.