ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പുല്ലാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽനിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ടി.കെ. റോഡിൽ പുല്ലാട് പ്ലാവിൻചുവട് ജങ്ഷന് സമീപം സെയ്ന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളി കുരിശ്ശടിക്ക് മുൻപിൽ ഞായറാഴ്ച രാവിലെ ആറിനായിരുന്നു സംഭവം.

പുറമറ്റം കറ്റത്തിൽ വീട്ടിൽ മഹേന്ദ് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സാൻട്രോ സ്വിങ് കാറിനാണ് തീപിടിച്ചത്. പുറമറ്റത്തെ വീട്ടിൽനിന്ന്‌ തിരുവല്ലയിലേക്ക് പോകുന്ന വഴി പുല്ലാട് എത്തിയപ്പോൾ ബോണറ്റിനുള്ളിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഇതുകണ്ട മഹേന്ദ് കൃഷ്ണൻ ഉടൻതന്നെ കാർനിർത്തി പുറത്തിറങ്ങി. പിന്നാലെ കാറിനുള്ളിലേക്കടക്കം തീ പടരുകയായിരുന്നു. സംഭവം അറിഞ്ഞ് തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാസേന തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു. സീനിയർ ഫയർ ആൻ‍ഡ് റെസ്ക്യൂ ഓഫീസർ ജയൻ മാത്യു, ഓഫീസർമാരായ വിനോദ്, ടൈറ്റസ്, അശോക്, സണ്ണി, എഡിസൺ, യേശുദാസ് അഗസ്റ്റിൻ, കോയിപ്രം എ.എസ്.ഐ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.