ഇടവഴിയിലുമിട്ടു, കക്കൂസ് മാലിന്യം; വഴിനടക്കാനാകാതെ നാട്ടുകാർ

തിരുവല്ല : നഗരത്തിലെ ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു. പെരിങ്ങര പഞ്ചായത്തിലെ പ്ലാംചുവട്- മുട്ടത്തുപടി റോഡിലാണ് ചൊവ്വാഴ്ച രാത്രി മാലിന്യം ഒഴുക്കിയത്.

മുട്ടത്തുപടി കലുങ്കിന് സമീപം റോഡിലെ കുഴിയിൽ മാലിന്യം കെട്ടിനിന്നതോടെ ബുധനാഴ്ച ഇതുവഴി നാട്ടുകാർക്ക് നടന്നുപോകാൻ സാധിച്ചില്ല. കാവുംഭാഗം- ഇടിഞ്ഞില്ലം റോഡിൽ വേങ്ങൽ പാടശേഖരത്തിന്റെ ഭാഗത്തുനിന്ന്‌ ആരംഭിക്കുന്ന വഴി എം.സി.റോഡിൽ പ്ലാംചുവട് ജങ്ഷനിലാണ് എത്തുന്നത്. ഇടവഴിയാണെങ്കിലും എളുപ്പവഴി എന്ന നിലയിൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

റോഡിന്റെ തുടക്കഭാഗമായ മുട്ടത്ത് പടി കലുങ്കിന് സമീപം നടുറോഡിലും റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിലുമായാണ് മാലിന്യം ഒഴുക്കിയത്. ബുധനാഴ്ച പുലർച്ചെയോടെയാണ് മാലിന്യംതള്ളിയ വിവരം പ്രദേശവാസികൾ തിരിച്ചറിയുന്നത്. കക്കൂസ് മാലിന്യം ആണെന്ന് അറിയാതെ കാൽനടക്കാർ ഇതുവഴി കടന്നുപോകുകയും ചെയ്തു. പിന്നീട്, തിരിച്ചറിഞ്ഞപ്പോൾ പ്രദേശവാസികൾ ഇടപെട്ട് കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരും ഉൾപ്പടെയുള്ളവരെ മടക്കി അയയ്ക്കുകയും ചെയ്തു. പുഞ്ചവയൽ വ്യാപകമായുള്ള പ്രദേശമാണിത്.

ആലംതുരുത്തി അടക്കമുള്ള പാടശേഖരങ്ങളിലേക്ക് നെൽകൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കേണ്ട കൈത്തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്. ഒരു വർഷം മുമ്പ് ഈ ഭാഗത്ത് തോട്ടിലേക്കടക്കം വലിയ തോതിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ അടക്കമുള്ളവർ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് തിരുവല്ലയിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു. പിന്നാലെ തിരുവല്ല പോലീസ് പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് മാലിന്യം തള്ളിയ ടാങ്കർ ലോറി പിടിച്ചെടുക്കുകയും ചെയ്തു. ഒരു മാസത്തിനുശേഷം വാഹനം പെറ്റി നൽകി വിട്ടയച്ചു.

കാവുംഭാഗം-ഇടിഞ്ഞില്ലം, മുട്ടത്ത്- പ്ളാംചുവട്, എം.സി.റോഡിലെ പെരുന്തുരുത്തി എന്നിവിടങ്ങളിൽ ടാങ്കർലോറികളിൽ കക്കൂസ് മാലിന്യം തളളുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവല്ല ബൈപ്പാസിൽ മാലിന്യം ഒഴുക്കിയത് വാർത്തയായിരുന്നു.

ഇവിടെ നിരീക്ഷണം ഭയന്നാണ് പെരിങ്ങരയിലേക്ക് ടാങ്കർലോറി എത്തിച്ചതെന്ന് കരുതുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി രാത്രികാല സ്‌ക്വാഡിന് രൂപം നൽകുമെന്ന് വാർഡുമെമ്പർ റോയ്‌ വർഗീസ് പറഞ്ഞു.