സിഗ്നലിനരികെ ബസുകൾ നിർത്തും പിന്നാലെ കുരുങ്ങും

അടൂർ : സിഗ്നലിനരികെ ബസുകൾ നിർത്തുന്നതോടെ നെല്ലിമൂട്ടിൽപടി ജങ്ഷനിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ഏനാത്ത് ഭാഗത്തുനിന്ന് അടൂരിലേക്ക് വരുന്ന ബസുകൾ സിഗ്നൽ കടന്നയുടൻ ഇടതുഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്നം.
നെല്ലിമൂട്ടിൽപടി–ഭരണിക്കാവ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ബസുകൾ കൂടുതലായി നിർത്തുന്നത്. ഇതോടെ പിന്നാലെവരുന്ന വാഹനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയാതെ എം.സി. റോഡിൽ തന്നെ കുരുക്ക് രൂപപ്പെടും. സിഗ്നലിൽ വാഹനങ്ങളുടെ നിര നീളുന്നതോടെ മറ്റു ഭാഗങ്ങളിലേക്കും ഗതാഗതക്കുരുക്ക് വ്യാപിക്കും.
നിലവിലുള്ള ബസ്‌സ്റ്റോപ്പുകൾ പുനഃക്രമീകരിച്ച് മാറ്റിസ്ഥാപിച്ചാൽ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരം കാണാനാകുമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും അഭിപ്രായം. നെല്ലിമൂട്ടിൽപടി–ഭരണിക്കാവ് റോഡിൽ വെള്ളക്കുളങ്ങര ഭാഗത്തേക്കുള്ള കയറ്റം അവസാനിക്കുന്ന ഭാഗത്ത് ബസ്‌സ്റ്റോപ്പ് ക്രമീകരിക്കണമെന്നാണ് പ്രധാന ആവശ്യം.
അതുപോലെ നെല്ലിമൂട്ടിൽപടിയിൽനിന്ന് അടൂർ ടൗൺ ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തെ റൗണ്ടിന് സമീപവും ബസ്‌സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ബസുകൾ സിഗ്നലിനും പ്രധാന ജങ്ഷനും സമീപം നിർത്തുന്നത് ഒഴിവാക്കാൻ കഴിഞ്ഞാൽ ഗതാഗതതടസ്സം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, ബസ്‌സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനൊപ്പം യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ കാത്തുനിൽക്കാൻ കാത്തിരിപ്പുകേന്ദ്രങ്ങളും നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബസ്‌സ്റ്റോപ്പുകളുടെ പുനഃക്രമീകരണവും കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണവും ഒരുമിച്ച് നടപ്പാക്കിയാൽ നെല്ലിമൂട്ടിൽപടിയിലെ ഗതാഗതപ്രശ്നത്തിന് സ്ഥിരപരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
രണ്ടും ഒന്നിച്ചാൽ വേഗം
:നെല്ലിമൂട്ടിൽപടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കെ.എസ്.ടി.പി.യും ഹൈവേ അതോറിറ്റിയും കൈകോർക്കണം. എം.സി. റോഡിലെ ബസ്‌സ്റ്റോപ്പുകളുടെ പുനഃക്രമീകരണത്തിന് അധികാരമുള്ളത് കെ.എസ്.ടി.പി.യാണെങ്കിലും നെല്ലിമൂട്ടിൽപടി–ഭരണിക്കാവ് റോഡിലെ ബസ് സ്റ്റോപ്പിന്റെ പുനഃക്രമീകരണത്തിന് ഹൈവേ അതോറിറ്റിയുടെ അനുമതിയും ആവശ്യമാണ്. ഇരുവിഭാഗങ്ങളും ഏകോപിച്ച് നടപടി സ്വീകരിച്ചാൽ മാത്രമേ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണാനാകൂ.
നെല്ലിമൂട്ടിൽപടിയിലെ ഗതാഗതപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് കെ.എസ്.ടി.പി. അധികൃതർക്ക് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രാരംഭ ഒരുക്കങ്ങൾ തുടങ്ങിയതായി കെ.എസ്.ടി.പി. അധികൃതർ അറിയിച്ചു.
ബസ്‌സ്റ്റോപ്പുകളുടെ പുനഃക്രമീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹൈവേ അതോറിറ്റിയുമായും കെ.എസ്.ടി.പി. അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. ഹൈവേ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.