തുരുത്ത്- വാക്കേക്കടവ് റോഡ്: ഇനി തകരാൻ എന്തുണ്ട്

കവിയൂർ : പാതയുടെ ടാറിങ് എത്രമാത്രം തകരാമെന്ന് കാണാൻ കോട്ടൂർ തുരുത്തിലേക്കുള്ള പാതയിലൂടെ ഒന്നു യാത്രചെയ്താൽ മതി. കുണ്ടുംകുഴിയുമില്ലാത്ത ഒരിടംപോലുമില്ല. കവിയൂർ, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുരുത്ത്- വാക്കേക്കടവ് റോഡിന്റെ കാര്യമാണിത്.
പലയിടത്തും ടാറിങ് തകർന്നതിനാൽ നടക്കാൻപോലും സാധ്യമല്ലാത്ത അവസ്ഥയാണ്. ഞാലിക്കണ്ടം അന്തിച്ചന്തയിൽനിന്ന് നാഴിപ്പാറ, പറക്കുളങ്ങര, തുരുത്ത്, വാക്കേക്കടവ് വഴി നടയ്ക്കലേക്കും തിരിച്ച് മുണ്ടയ്ക്കമണ്ണിലൂടെ ശാസ്താങ്കലെത്തി കല്ലൂപ്പാറയ്ക്കും എളുപ്പമുള്ള മാർഗമാണ്. പാതയാകെ പൊളിഞ്ഞതിനാൽ മഴ വന്നാൽ അവസ്ഥ കൂടുതൽ മോശമാകും. പലയിടത്തും ടാറിങ് കാണാനില്ല.
കാലവർഷ സമയത്ത് റോഡ് വെള്ളത്തിൽ മുങ്ങും. വെണ്ണീർവിളയിൽ പാടത്തിന്റെ വരമ്പ് പൊക്കിയുണ്ടാക്കിയ വഴിയാണ്. പാടശേഖരം കാഴ്ചയുടെ വിരുന്നൊരുക്കുന്നുണ്ടെങ്കിലും അത് ആസ്വദിക്കാമെന്ന് കരുതേണ്ട. യാത്രയ്ക്കിടെ ആസ്വദിക്കാൻ ശ്രമിച്ചാൽ കുഴിയിൽ വീഴുമെന്നത് ഉറപ്പ്. വീതി കുറവായതുകാരണം വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ പാടത്തുകിടക്കും. വെള്ളമിറങ്ങാൻ ചിലപ്പോൾ ആഴ്ചകളെടുക്കും. നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് നിരത്തുണ്ടാക്കിയിട്ട് അധികകാലമായിട്ടില്ല. കാലവർഷ സമയത്ത് വെള്ളംകയറി ഗതാഗതം നിലയ്ക്കുന്നതും പതിവാണ്.