ഉണ്ടപ്ലാവ്-പെരിങ്ങര-കാരയ്ക്കൽ റോഡ്; മൂന്നുവർഷം കഴിഞ്ഞിട്ടും പണിതില്ല

#യു.പി. ഉല്ലാസ്‌കുമാർ

തിരുവല്ല: ശബരിമല അനുബന്ധറോഡ് വികസന പദ്ധതിയിൽ 4.8 കോടി രൂപ അനുവദിച്ച പാതയിൽ മൂന്നുവർഷം കഴിഞ്ഞിട്ടും പണി തുടങ്ങാനായില്ല. ഉണ്ടപ്ലാവ്-പെരിങ്ങര-കാരയ്ക്കൽ റോഡിനാണ് പണം അനുവദിച്ചത്. തുടക്കം മുതൽ തകർന്നുകിടക്കുന്ന റോഡിൽ വാഹനഗതാഗതം ദുരിതത്തിലാണ്.

2023-ലാണ് പദ്ധതി പ്രഖ്യാപിച്ച് പണം അനുവദിച്ചത്. നാല് കിലോമീറ്ററാണ് ദൂരം. അമ്പലപ്പുഴ സംസ്ഥാന പാതയിലെ ഉണ്ടപ്ലാവ് കവലയിൽനിന്ന് തുടങ്ങുന്ന പാത രണ്ട് റീച്ചുകളിലായാണ് ബി.എം.-ബി.സി. നിലവാരത്തിൽ ഉയർത്താൻ നിശ്ചയിച്ചത്. ഉണ്ടപ്ലാവിൽ നിന്ന് തിരുവല്ല-പെരിങ്ങര റോഡിലെ കോസ്‌മോസ് ജങ്ഷനിൽ ആദ്യ റീച്ച് എത്തും. കോസ്‌മോസ് കവലയിൽ നിന്ന് 150 മീറ്ററോളം കിഴക്കോട്ട് മാറി മൂവിടത്തുമഠം പടിയിൽനിന്നാണ് അടുത്ത റീച്ച് തുടങ്ങുന്നത്. കാരയ്ക്കൽ വഴി മേപ്രാൽ റോഡിൽ സന്ധിക്കും. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ആദ്യ റീച്ച് ഒരു കിലോമീറ്ററും രണ്ടാം റീച്ച് മൂന്ന് കിലോമീറ്ററും.

2024 തുടക്കത്തിൽ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്തു. കരാർ ഉറപ്പിച്ചെങ്കിലും ജൽജീവൻ മിഷനിൽ പൈപ്പുകളിടുന്നത് സംബന്ധിച്ചുള്ള ജോലികൾ നീണ്ടു. ഒരുവർഷത്തിലധികം കാത്തിരുന്നതോടെ പണി തുടങ്ങാനാവാതെ ആദ്യ കരാറുകാരൻ ഉപേക്ഷിച്ചു. 2025 ഓഗസ്റ്റിൽ റീ-ടെൻഡറായി. ആലപ്പുഴ ജില്ലക്കാരനായ കോൺട്രാക്ടർ കരാർ എടുത്തു. 2026 ഏപ്രിൽ വരെയായിരുന്നു കരാർ കാലാവധി.

എന്നാൽ ഒരുപണിയും ഈ കാലയളവിൽ നടന്നില്ല. പണിക്കുമുമ്പുളള ‘ലെവൽസ്’ എടുക്കുന്നതിന് പോലും കരാറുകാരൻ പൊതുമരാമത്ത് വിഭാഗത്തോട് സഹകരിച്ചിരുന്നില്ലെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു. റോഡുപണിയുടെ പേരിൽ ബാങ്കിൽനിന്ന് കരാറുകാരൻ ഓവർ ഡ്രാഫ്റ്റ് തരപ്പെടുത്തിയിരുന്നതായും പൊതുമരാമത്ത് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആദ്യറീച്ചിലെ പണികൾ തുടങ്ങിവെയ്ക്കാനെങ്കിലും ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടും നടപ്പായില്ല. ഇതോടെ നിശ്ചിത കാലയളവിൽ പണി തുടങ്ങാതെ പാതനവീകരണം മുടങ്ങി. രണ്ട് വർഷത്തിനിപ്പുറം ടാർവിലയടക്കം കുതിച്ചുയർന്നു. പഴയ തുകയിൽതന്നെ പുതിയ കരാർ വിളിച്ച് പണിതുടങ്ങിയാൽ റോഡ് പണികളിൽ ആ കുറവ് നിഴലിക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുവാനുളള നടപടികളിലാണ് പി.ഡബ്ല്യു.ഡി. ഇതുവരെ ചെലവായ തുക തിരികെ പിടിക്കാനും നടപടികൾ എടുത്തിട്ടുണ്ട്. ഫയലുകൾ പൊതുമരാമത്ത് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലാണ്. തുടർനടപടികൾ പൂർത്തിയാക്കി പണി എന്ന് തുടങ്ങുമെന്ന് മാത്രം നാട്ടുകാർക്ക് അറിയില്ല. ടെൻഡർ ചെയ്ത പണിയയാതിനാൽ തകർന്നുകിടക്കുന്ന പാതയിൽ അറ്റകുറ്റപ്പണി നടത്താനും പൊതുമരാമത്തുവകുപ്പിന് സാധിക്കുന്നില്ല.