കുടിവെള്ളം പാഴാക്കാൻ മത്സരിക്കുന്ന അതോറിറ്റി

പത്തനംതിട്ട : വെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും ജലഅതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം. പത്തനംതിട്ട നഗരത്തിലെ വിവിധഭാഗങ്ങളിലാണ് അധികൃതരുടെ അനാസ്ഥമൂലം കുടിവെള്ളം വഴിയിലൊഴുകുന്നത്.
പത്തനംതിട്ട കല്ലറക്കടവിന് സമീപമുള്ള പാലത്തിലും കല്ലറക്കടവ് ജങ്ഷനിലുമാണ് പൈപ്പ് പൊട്ടി വലിയതോതിൽ വെള്ളം പാഴാകുന്നത്. കല്ലറക്കടവിന് സമീപത്തെ പാലത്തിലൂടെ പോകുന്ന വലിയ പൈപ്പുകളുടെ ജോയിന്റുകളിലാണ് പ്രധാനചോർച്ച. രണ്ട് പൈപ്പുകൾ ചേരുന്ന ഭാഗത്തും ഇവിടെ സ്ഥാപിച്ചിട്ടുള്ള വാൽവുകളിലൂടെയുമാണ് വെള്ളം ഒഴുകുന്നത്. പമ്പിങ് നടക്കുമ്പോൾ വെള്ളത്തിന്റെ മർദം കാരണം ചോർച്ചയുടെ തീവ്രതയേറും. റോഡിലൂടെ നടന്നുപോകുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത് പതിവാണ്. ഒരുവർഷം മുൻപും ഇതേഭാഗത്ത് ചോർച്ചയുണ്ടായിരുന്നു. എന്നാൽ, അന്ന് പേരിനൊരുപണി ചെയ്ത് അധികൃതർ തടിയൂരുകയായിരുന്നു. തത്കാലം എന്തെങ്കിലും കാട്ടിക്കൂട്ടി ചോർച്ച അടയ്ക്കുന്നതല്ലാതെ ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല. ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും പൈപ്പുകളുടെ ജോയിന്റുകൾക്കിടയിലൂടെ വെള്ളം ചോരും.
പത്തനംതിട്ട കല്ലറക്കടവ് ജങ്ഷനിലെ സ്ഥിതിയും ഇതിന് സമാനമാണ്. ഒരുവർഷത്തിലേറെയായി ഇവിടെ പൈപ്പ് പൊട്ടി പാഴാകാൻ തുടങ്ങിയിട്ട്. ജങ്ഷന്റെ പലഭാഗങ്ങളിലും ഇതേപോലെ ചോർച്ചകളുണ്ട്. നാട്ടുകാർ പലതവണ ഇക്കാര്യം ജലഅതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുനടപടിയും ഉണ്ടായിട്ടില്ല.