എന്ന് തുടങ്ങും, ഓന്തിപ്പുഴ തോട് പാലംപണി

ഏനാത്ത് : കരാറായിട്ട് മാസങ്ങളായി. പക്ഷേ, പാലം പണി ഇതുവരെ തുടങ്ങിയില്ല. ഏനാത്ത് ഓന്തിപ്പുഴ തോടിന് കുറുകേയുള്ള പുതിയ പാലത്തിന്റെ പണിയാണ് വൈകുന്നത്. കല്ലടയാറിന്റെ ഏനാത്ത് കടവിന് സമീപമുള്ള ഓന്തിപ്പുഴ തോടിന് കുറുകേ നിലവിൽ ഒരു നടപ്പാലം മാത്രമാണുള്ളത്. തൂൺ ചരിഞ്ഞ് അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് ആളുകൾ നടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന്‌ അനുവദിച്ച 40 ലക്ഷം രൂപയ്ക്കാണ് പുതിയ പാലം പണിയാൻ തീരുമാനമായത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തുതന്നെ ഇത് ടെൻഡറായതാണ്.

എന്നാൽ, പാലം പണി തുടങ്ങുന്നത് സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നുമില്ല. പാലം പൂർത്തിയായാൽ ഇളങ്ങമംഗലം നിവാസികൾക്ക് ഏനാത്തേക്ക് എത്താൻ കൂടുതൽ സൗകര്യമാകും.