പാഠം 1: ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന വിദ്യ

സ്കൂൾക്കെട്ടിടം പണിതത് ആറുവർഷം മുൻപ്
മാരൂർ : ഹയർ സെക്കൻഡറി വിഭാഗത്തിന് കെട്ടിടം നിർമിച്ചുനൽകിയിട്ടും ഉപയോഗിക്കാതെ ഉപേക്ഷിച്ചു. മാരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് നാലുവർഷം മുൻപ് കെട്ടിടം പണിതത്. പണി പൂർത്തിയായെങ്കിലും, ഇതുവരെ കെട്ടിടം ഉപയോഗിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല.
2018-ൽ എം.എൽ.എ.ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടംപണി തുടങ്ങിയത്. 2022-ൽ പണി പൂർത്തിയായി. നാല് ക്ലാസ്മുറിയും ലാബും ശൗചാലയവും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയത്. മുറികളിൽ ഫാനും വിളക്കും ഉൾപ്പെടെ ക്രമീകരിച്ചിട്ടുമുണ്ട്. ജനാലകൾക്ക് ചില്ലുവാതിലുകളായിരുന്നു. ഇതും ട്യൂബ് ലൈറ്റുകളും മുറികളിൽ പൊട്ടിച്ചിട്ടിരിക്കുകയാണ്. ക്ലാസ്മുറികളുടെ എല്ലാ പൂട്ടുകളും തകർത്ത് അകത്തുകയറിയ സമൂഹവിരുദ്ധരാണ് നാശമുണ്ടാക്കിയിട്ടുള്ളത്.
കെ.പി. റോഡിനരികിലായുള്ള സ്കൂളിൽനിന്ന് 200 മീറ്റർ ദൂരത്തിലായാണ് ഗ്രൗണ്ടും പുതിയ കെട്ടിടവും. അവിടേക്ക് പോകാനുള്ള മടികാരണമാണ് ഇത് ഉപയോഗിക്കാതെ ഉപേക്ഷിച്ചത്. കെട്ടിടത്തിന്റെ രണ്ടാംനിലയ്ക്കായി ഉയർത്തിയിട്ടുള്ള കമ്പികളുൾപ്പെടെ തുരുമ്പിച്ചു. കെട്ടിടം നിർമിച്ചപ്പോൾ എടുത്ത മണ്ണും അവശിഷ്ടങ്ങളും മൈതാനത്തിന്റെ അരികിലിട്ടതുകാരണം അവിടം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവിടം തെരുവുനായകളുടെ കേന്ദ്രവുമായിമാറി.
സ്കൂളിന്റെ മൈതാനത്തിലേക്കും പുതിയ കെട്ടിടത്തിലേക്കുമുള്ള റോഡും നാശാവസ്ഥയിൽ കിടക്കുന്നതും പുതിയ കെട്ടിടം ഉപേക്ഷിക്കുന്നതിന് കാരണമായിട്ടുണ്ട്. കാൽനടപോലും ബുദ്ധിമുട്ടാണ്. മഴ പെയ്താൽ ഗ്രൗണ്ടിലെ മണ്ണുൾപ്പെടെ കുത്തിയൊലിച്ചാണ് വഴിയിലൂടെ ഒഴുകുന്നത്. റോഡിൽ കുഴികളുമാണ്.