മനസ്സുനിറച്ചുണ്ടു, ഈ പകലിൽ മടക്കം

വള്ളസ്സദ്യ ഉണ്ടത് ഒന്നേമുക്കാൽ ലക്ഷം പേർ

ആറന്മുള : ഭക്തിയുടെ രസക്കൂട്ടിൽ പമ്പാതീർഥം ചാലിച്ച് ആറന്മുള അനുഗ്രഹമേകിയ വള്ളസ്സദ്യക്കാലത്തിന് ബുധനാഴ്ച പകലിൽ പരിസമാപ്തിയാകും. പമ്പയുടെ ഓളങ്ങൾ ഏറ്റുവാങ്ങിയ പള്ളിയോടങ്ങൾ പാർഥസാരഥിയെ പാടിപ്പുകഴ്ത്തി തിരികെ വള്ളപ്പുരയിലേക്ക് തുഴഞ്ഞുനീങ്ങും. കാലം അടുത്ത വള്ളസ്സദ്യക്കാലത്തിനായി കണ്ണുനട്ട് കാത്തിരിക്കും.

പള്ളിയോട സേവാസംഘവും ദേവസ്വം ബോർഡും ചേർന്ന് രണ്ടുമാസമായി നടത്തിവന്ന വള്ളസ്സദ്യ വഴിപാടുകളാണ് സമാപിക്കുന്നത്. ഉച്ചയ്ക്ക് നടക്കുന്ന സമാപനചടങ്ങിൽ എം.എൽ.എ.മാരായ അബിൻ വർക്കി, പഴകുളം മധു എന്നിവരും രാഷ്ട്രീയ- സാമൂഹിക- സാമുദായിക നേതാക്കളും പങ്കെടുക്കും. 20 സദ്യാലയങ്ങളിലായി 16 സദ്യ കരാറുകാരാണ് ഇത്തവണ സദ്യ ഒരുക്കിയത്. ഒന്നേമുക്കാൽ ലക്ഷം പേർ സദ്യയിൽ പങ്കെടുത്തു. 553 സദ്യകൾ നടന്നു. തെക്കേമുറി കിഴക്ക്, മല്ലപ്പുഴശ്ശേരി, ഉമയാറ്റുകര, ആറാട്ടുപുഴ, ഇടയാറൻമുള, മേലുകര, തൈമറവുംകര എന്നീ പള്ളിയോടങ്ങളാണ് സമാപനദിനത്തിൽ സദ്യയിൽ പങ്കെടുക്കുന്നത്. സമാപനച്ചടങ്ങിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ അറിയിച്ചു.

52 കരകളുടെ നാഥനായ ആറന്മുള പാർഥസാരഥി അന്നദാനപ്രഭുവെന്നാണ് ഭക്തരുടെ വിശ്വാസം. അതിനാൽ ആറന്മുള ക്ഷേത്രത്തിലെ വഴിപാടുകൾ മുഖ്യവും അന്നദാനത്തിൽ അധിഷ്ടിതമാണ്. ഭജന സദ്യ, ഉണ്ണിയൂട്ട് അഥവാ തേച്ചുകുളി സദ്യ, വള്ളസദ്യ എന്നിവയാണ് പ്രധാന വഴിപാടുകൾ. വള്ളസദ്യ വഴിപാടാണ് ഭക്തർക്ക് ഏറെ പ്രിയങ്കരം. അഭീഷ്ടകാര്യ സിദ്ധി, സന്താനലബ്ധി, സർപ്പദോഷ പരിഹാരം എന്നിവയ്ക്കാണ് ഭക്തർ വള്ളസ്സദ്യ വഴിപാട് ഭഗവാന് നേരുന്നത്.

ബജറ്റ് ടൂറിസത്തിലൂടെ 17,500 പേർ

വള്ളസ്സദ്യ വഴിപാടിന്റെ ഭാഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്നായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ നടത്തിയ തീർഥയാത്രയിൽ 441 സർവീസുകൾ ആറന്മുളയിലെത്തി. 17,500 പേർ സദ്യയിൽ പങ്കെടുത്തു. 600 പേർ സമാപനച്ചടങ്ങിലും സദ്യയിലും പങ്കെടുക്കും. തീർഥയാത്രയുടെ സമാപന ചടങ്ങ് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. കാസർകോട് മുതൽ പാറശ്ശാല വെരെ 89 ഡിപ്പോകളിൽനിന്നാണ് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിയത്.

സ്പെഷ്യൽ പാസ് ആറന്മുള സദ്യയും ബുധനാഴ്ച തെക്കേടത്തില്ലം സദ്യാലയത്തിൽ സമാപിക്കും. 20,000-ലേറെ പേർ പങ്കെടുത്തു. ദിവസേന 360-ലധികം ആളുകൾ സദ്യയുണ്ട് മടങ്ങി. കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നും മലയാളികൾ സദ്യയിൽ പങ്കെടുക്കാനെത്തിയിരുന്നു. സദ്യാലയത്തിൽ വഞ്ചിപ്പാട്ട് വെച്ചൊരുക്ക്, പാടി ചോദിക്കുന്ന മുറയ്ക്ക് വിഭവങ്ങൾ വിളമ്പൽ എന്നിവയെല്ലാം ഏറെ ഹൃദ്യമായി. സമാപനച്ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫുഡ് കമ്മിറ്റി കൺവീനർ കൃഷ്ണകുമാർ മുതവഴി, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ എന്നിവർ അറിയിച്ചു.