റാന്നി ഉപജില്ലാ കലോത്സവം ഇന്ന് തുടങ്ങും

വെച്ചൂച്ചിറ : റാന്നി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ‘നടനിക-2കെ26’-ന് ശനിയാഴ്ച വെച്ചൂച്ചിറയിൽ തുടക്കം കുറക്കും. രചന മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കം കുറിക്കുന്നത്. കലോത്സവത്തിന് മുന്നോടിയായി വെള്ളിയാഴ്ച വിളംബരറാലി നടന്നു.
റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ 78 വിദ്യാലയങ്ങളിൽനിന്നായി 2500-ൽ അധികം കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 10-ന് പഴകുളം മധു എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. ഏഴ് വേദികളിലായാണ് മത്സരം നടക്കുന്നത്. സി.എം.എസ്.എൽ.പി. സ്കൂൾ, എ.ടി.എം. ഓഡിറ്റോറിയം, വൈ.എം.സി.എ. ഹാൾ, ലിറ്റിൽ എഞ്ചൽസ് ഹാൾ, സെയ്ന്റ് ജോസഫ് ചർച്ച് പാരീഷ് ഹാൾ, ക്ഷീരോത്പാദക സംഘം മിനിഹാൾ എന്നിവയാണ് വേദികൾ.
ഹരിതകലോത്സവമായി സ്കൂൾ കലോത്സവത്തെ മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതിയെന്ന് ഭാരവാഹികൾ പറഞ്ഞു. കുട്ടികൾക്ക് നാടൻ ഭക്ഷ്യവിഭവങ്ങൾ നൽകുന്നതിലേക്ക് വേണ്ട ക്രമീകരണങ്ങളാണ് ഭക്ഷണ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. നടനിക-2കെ26 എന്ന് പേര് നൽകിയിരിക്കുന്ന സ്കൂൾ കലോത്സവത്തിന് വെച്ചൂച്ചിറ കോളനി ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥി സച്ചിൻ സതീഷ് തയ്യാറാക്കിയ ലോഗോ ആണ് തിരഞ്ഞെടുത്തത്.
കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബരറാലി പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺസൺ അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങൾ, പ്രഥമാധ്യാപകൻ സാബു പുല്ലാട്ട്, ഷൈനു ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.