വനാതിർത്തിയിൽ വീണ്ടും ക്വാറി

കലഞ്ഞൂർ : പത്ത് ക്വാറികളും നാല് ക്രഷറുകളും പ്രവർത്തിക്കുന്ന കലഞ്ഞൂരിന്റെ കിഴക്കൻ മേഖലയോട് ചേർന്ന് പുതിയ ക്വാറി ആരംഭിക്കാൻ നീക്കം. നിലവിലുള്ള ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും ജനങ്ങളുടെ പ്രതിഷേധങ്ങൾക്കും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് വീണ്ടും ക്വാറിക്ക് അനുമതി തേടുന്നത്.
പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡ് പൊതുജനാഭിപ്രായം തേടുന്നതിനുള്ള നോട്ടീസ് പുറപ്പെടുവിച്ചു. നവംബർ 11-ന് രാവിലെ 11-ന് മുറിഞ്ഞകൽ ഗുരുദേവക്ഷേത്ര ഓഡിറ്റോറിയത്തിലാണ് പൊതുജനാഭിപ്രായം തേടുന്നതിനുള്ള യോഗം നിശ്ചയിച്ചിരിക്കുന്നത്. ആറുകിലോമീറ്റർ ചുറ്റളവിൽ 10 ക്വാറികൾകലഞ്ഞൂരിൽ നിലവിലുള്ള പത്തു ക്വാറികളും നാല് ക്രഷറുകളും ആറുകിലോമീറ്റർ ദൂരപരിധിക്കുള്ളിലാണ്. ഇത്രയും ഖനന-പാറസംസ്‌കരണ പ്രവർത്തനങ്ങൾ ഒരേ മേഖലയിലുണ്ടാക്കുന്ന സംയുക്ത പാരിസ്ഥിതിക ആഘാതം എത്രത്തോളമാണെന്നതിനെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ വേണമെന്ന ആവശ്യം ഇവിടെ ശക്തമാണ്.പാറപൊട്ടിക്കലിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഫയറിങ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സ്‌ഫോടനങ്ങൾ ഭൂമിയിൽ ശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.
പാറപൊട്ടിക്കലിന്റെ ആഘാതം ഒരു ക്വാറിയുടെ അതിർത്തിയിൽ അവസാനിക്കുന്നതല്ല.
ഭൂമിയുടെ ഘടന, സ്‌ഫോടനത്തിന്റെ തീവ്രത, ഭൂഗർഭജലത്തിന്റെ സ്വഭാവം, സമീപത്തെ കെട്ടിടങ്ങളുടെ അവസ്ഥ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ആഘാതം വ്യത്യാസപ്പെടാം. അതിനാൽ പുതിയ ക്വാറിക്ക് അനുമതി നൽകുന്നതിനുമുമ്പ് നിലവിലുള്ള ഖനനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന ആഘാതംകൂടി കണക്കിലെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പുതിയ ഖനനപദ്ധതികൾ പരിഗണിക്കുമ്പോൾ വന്യജീവിസാന്നിധ്യം, ആവാസവ്യവസ്ഥ, ജലസ്രോതസ്സുകൾ, മനുഷ്യ-വന്യജീവി സംഘർഷസാധ്യത എന്നിവ പ്രത്യേകം വിലയിരുത്തണം.
വനമേഖലയ്ക്കുസമീപം ക്വാറികളുടെ പ്രവർത്തനം ഇനിയും അനുവദിക്കരുതെന്ന് കണ്ണാടി സാംസ്‌കാരികവേദി ജനറൽ സെക്രട്ടറി ഡോ. അനൂപ് മുരളീധരൻ പറഞ്ഞു. ആ തീരുമാനം എവിടെരണ്ടുവർഷംമുമ്പ് കോന്നി താലൂക്ക് വികസനസമിതിയിൽ താലൂക്കിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകില്ലെന്ന തീരുമാനം എടുത്തതാണ്. എന്നാൽ അത്തരമൊരു തീരുമാനമുണ്ടായിരിക്കെ പുതിയ ക്വാറിക്ക് അനുമതി തേടിയുള്ള നീക്കം എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന ചോദ്യവും ഉയരുന്നു. ഇതിനൊപ്പം മറ്റ് രണ്ട് സ്ഥലത്തും പുതിയ ക്വാറിക്ക് സ്ഥലമൊരുക്കുന്ന പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.