ഓട നന്നാക്കിയില്ലെങ്കിൽ മഞ്ഞനംകുളം പാടത്ത് 15 ഏക്കർ തരിശാകും

പന്തളം : മഞ്ഞനംകുളം പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന ഓടയുടെ ഭിത്തി തകർന്നുവീണതോടെ ഇത്തവണ 15 ഏക്കർ പാടം തരിശാകും. 50 ഏക്കറിലധികം വിസ്തൃതിയുള്ള മഞ്ഞനംകുളം തെക്ക് പുഞ്ചയിൽ ആകെ കൃഷിയുണ്ടായിരുന്ന പാടമാണ് കൃഷിവകുപ്പിന്റെ അനാസ്ഥകാരണം തരിശാകുന്നത്.
കഴിഞ്ഞ വർഷം ജലസേചനം നടത്തുന്നതിനിടെ ഓട തകർന്നുവീണ വിവരം കർഷകർ കൃഷി ഓഫീസിൽ അറിയിച്ചിരുന്നതാണ്. കൃഷിക്ക് വെള്ളം ആവശ്യമായ സമയത്ത് വെള്ളം പമ്പുചെയ്യുന്നതിനും കർഷകർക്ക് കഴിഞ്ഞിരുന്നില്ല. കൃഷിയിൽ ആകൃഷ്ടരായെത്തിയ യുവകർഷകരാണ് ഇവിടെ കൃഷിചെയ്യുന്നത്. മുടിയൂർക്കോണം മഞ്ഞനംകുളം തെക്ക് പാടശേഖരത്തിലേക്ക് അച്ചൻകോവിലാറ്റിൽനിന്ന് വെള്ളമെത്തിക്കുന്ന ഓടയുടെ 15 മീറ്ററോളം ഭാഗമാണ് ആദ്യം തർന്നത്. ഇപ്പോൾ പത്തുമീറ്ററോളം വീണ്ടും തകർന്നുവീണു. ബാക്കിഭാഗം ഒരു വശത്തേക്ക് ചെരിഞ്ഞ് ഇരിക്കുന്നുമുണ്ട്.
അടിഭാഗം കരിങ്കല്ലുകെട്ടി ബലപ്പെടുത്തിയശേഷം മുകളിലേക്ക് കോൺക്രീറ്റുചെയ്ത് ഉയർത്തിയതാണ് ഓട. കഴിഞ്ഞ കുറെ വർഷമായി ഓട തകരാറിലായിരിക്കുകയാണ്. ഇക്കാര്യം കർഷകർ ജലസേചനവകുപ്പിന്റെയും കൃഷിവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതുമാണ്. തോട്ടക്കോണം ഭാഗത്തുള്ള പമ്പ് ഹൗസിൽനിന്നാണ് മഞ്ഞനംകുളം പാടത്തേക്ക് വെള്ളം പമ്പുചെയ്യുന്നത്. തെക്ക് ഭാഗത്ത് വെള്ളം കിട്ടുന്നതിന്റെ ബുദ്ധിമുട്ടുകാരണം കൂടുതൽ ഭാഗം തരിശിട്ടിരിക്കുകയുമാണ്. മുപ്പതുവർഷം മുമ്പ് പണിത ഓട ഇടയ്ക്ക് പുനരുദ്ധാരണം നടത്തിയെങ്കിലും പുനർനിർമിക്കേണ്ട അവസ്ഥയിലാണ്. ജലസേചനവകുപ്പുദ്യോഗസ്ഥരെത്തി പരിശോധന നടത്തി ആറുമാസം കഴിഞ്ഞിട്ടും അനക്കമില്ല. നവംബർമാസം കൃഷിയിറക്കി ഏപ്രിൽമാസത്തോടെ കൊയ്ത്തുനടത്തേണ്ട പുഞ്ചയാണ് മഞ്ഞനംകുളം.
പരിഹരിക്കണം
:ഓട അടിയന്തിരമായി പുനർനിർമിച്ച് കർഷകരുടെ പ്രശ്നം പരിഹരിക്കണമെന്ന് മഞ്ഞനംകുളം പാടശേഖരസമിതി പ്രസിഡന്റ് ടി.ഡി. സുരേഷ് കുമാർ, സെക്രട്ടറി ഇ.കെ. സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.