അയിരൂർ പുതിയകാവ് ക്ഷേത്രത്തോട് അവഗണനമാത്രം

കോഴഞ്ചേരി : ശബരിമലശാസ്താവിന് മകരവിളക്ക് നാളിൽ ചാർത്താനുളള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര കടന്നുപോകുന്ന പരമ്പാരഗതപാതയിൽ ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് അയിരൂർ പുതിയകാവ് ദേവീക്ഷേത്രം. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര ആദ്യദിനം രാത്രി വിശ്രമിക്കുന്നത് അയിരൂർ പുതിയകാവ് ക്ഷേത്രത്തിലാണ്. തിരുവാഭരണഘോഷയാത്ര പുറപ്പെടുന്ന ജനുവരി 12-ന് പുലർച്ചെമുതൽ സന്നിധാനത്തേക്ക് കാൽനടയായി എരുമേലി വഴിയും വടശേ‌രിക്കര വഴിയും തിരുവാഭരണ പാതയിലൂടെയും പോകുന്ന ഭക്തർ അയിരൂർ പുതിയകാവിൽ എത്തി ക്ഷേത്രദർശനവും അന്നദാനവും വിശ്രമവും നടത്തുന്നത് വർഷങ്ങളായിയുള്ള പതിവാണ്.

തിരുവാഭരണഘോഷയാത്ര ആദ്യദിനം രാത്രി ഒൻപതോടെ ക്ഷേത്രത്തിലെത്തിയശേഷം പേടകം തുറന്ന് തിരുവാഭരണം കാണാനുളള അവസരം കാത്ത് വിവിധ സ്ഥലങ്ങളിൽനിന്ന് സ്ത്രീകൾ അടക്കുമുളള പതിനായിരക്കണക്കിന് ഭക്തരും അന്ന് പുതിയകാവിൽ എത്തിച്ചേരും. ഭക്തർക്കുളള തിരുവാഭരണ ദർശനം രാത്രി രണ്ടുവരെ നീണ്ട ചരിത്രമുണ്ട്.

ക്ഷേത്രക്കടവിന്റെ അവസ്ഥ പരിതാപകരം

അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിന്റെ കുളിക്കടവിൽ പരിചയസമ്പന്നരായ നാട്ടുകാർക്കുപോലും ഇറങ്ങാൻ കഴിയാത്തസ്ഥിതിയാണ്. കടവിലേക്കുളള പടികളിലേക്കുവരെ കാട് മൂടിക്കിടക്കുന്നത് ഇഴജന്തുക്കളുടെ ശല്യത്തിനും കാരണമായിട്ടുണ്ട്. വൈദ്യുതവിളക്കുകൾ സ്ഥാപിക്കാനുളള തൂണുകൾ പോലും ഈ കടവിലില്ല.

സുരക്ഷാവേലികളും ഈ കടവിലില്ല. കടവിന്റെപടികൾ കഴിഞ്ഞ് നദിയിലേക്ക് ഇറങ്ങുന്നഭാഗത്തെ നദിയുടെ കിഴക്കൻ പ്രദേശത്തെ പുറ്റുകൾ നീക്കംചെയ്തപ്പോൾ ഒഴുകിയെത്തിയ ചെളി കടവിൽ അടിഞ്ഞതുമൂലം നദി നേരത്തെയുള്ളതിനേക്കാൾ അഞ്ചടിയോളം തെക്ക് ഭാഗത്തേക്ക് വലിയുകയും ഈ പുറ്റ് ചെളിയായി രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്.

ശൗചാലയവും തഥൈവ

തിരുവാഭരണഘോഷയാത്രയുടെ ആദ്യനാളിൽ എണ്ണമറ്റ തീർഥാടകരും ഭക്തരും എത്തുന്ന അയിരൂർ പുതിയകാവിൽ ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്തത് കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ക്ഷേത്രത്തിൽ രണ്ട് ഭാഗത്തായി 15 ശൗചാലയങ്ങൾ മാത്രമാണ് ഉള്ളത്. ഇതിന്റെ അവസ്ഥയാകട്ടെ ദയനീയവും.

തീർഥാടകരുടെ സൗകര്യാർഥം താത്കാലികമായി ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിച്ചാൽ പ്രയോജനകരമാകും. ക്ഷേത്രക്കടവിന്റെ പടിഞ്ഞാറ് ഭാഗവും കിഴക്ക് ഭാഗവും അയിരൂർ പുതിയകാവ് മാനവമൈത്രീ ചതയം ജലോത്സവത്തിന്റെ പവലിയനാണ്. ഇവിടം ഓണക്കാലത്തിനുശേഷം വൃത്തിയാക്കാഞ്ഞതിനാൽ കാട് വളർന്നു.

ഇടിഞ്ഞുവീഴാറായ സബ് ഗ്രൂപ്പ് ഓഫീസ്

​അയിരൂർ പുതിയകാവ് സബ് ഗ്രൂപ്പിന് കീഴിൽ പുതിയകാവ് ക്ഷേത്രം ഉൾപ്പടെ ആറ് ക്ഷേത്രങ്ങളാണുള്ളത്. ഈ ക്ഷേത്രത്തിൽ സ്ഥിരം സബ് ഗ്രൂപ്പ് ഓഫീസർ ഇല്ലാതായിട്ട് അഞ്ച് വർഷത്തിലേറെയായി. സ്ഥിരമായി ഓഫീസർ ഇല്ലാത്തതുമൂലം അയിരൂർ ഗ്രൂപ്പിലെ ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യത്തിൽ അമാന്തമുണ്ടാകുന്നുവെന്നും ഒന്നര പതിറ്റാണ്ടിലേറെയായി ജീർണാവസ്ഥയിലായ സബ്ഗ്രൂപ്പ് ഓഫീസിന്റെ ദുരവസ്ഥയും കാട്ടി മാതൃഭൂമി ഒക്ടോബർ 18-ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഈ പാചകപ്പുരയിൽ എങ്ങനെ പാചകം ചെയ്യും

പുതിയകാവ് ക്ഷേത്രത്തിന്റെ ഊട്ടുപുരയുടേയും പാചകപ്പുരയുടേയും അവസ്ഥയും ദയനീയം. പാചകം ചെയ്യുന്ന സമയത്ത് പാത്രങ്ങൾ കഴുകുന്നതടക്കമുള്ള വെള്ളം സുഗമമായി ഒഴുകി പോകാൻ ഓട ഇല്ലാത്തതിനാൽ തറയിൽ വെള്ളം കെട്ടിനിന്ന് പാചകപ്പുരയുടെ തറ ഇടിഞ്ഞ് താഴ്ന്നനിലയിലാണ്. ഒരു വിവാഹസദ്യ നടത്തുന്നതിന് 35000 രൂപയാണ് ദേവസ്വം ബോർഡ് ഊട്ടുപുരയ്ക്ക് വാടക ഈടാക്കുന്നത്. തിരുവാഭരണം എത്തുന്നദിവസം പുലർ​െച്ച അഞ്ചുമുതൽ രാത്രി 11 വരെ ഇടവേളയില്ലാതെ പാചകം നടത്തേണ്ടത് ഈ പൊളിഞ്ഞ പാചകപ്പുരയിലാണ്.