റോഡുണ്ട്; വാഹനമിറങ്ങില്ല... വഴിയടഞ്ഞ് 80 കുടുംബങ്ങൾ

അടൂർ : റോഡുണ്ടെന്ന് പറയാം, പക്ഷേ അതിലൂടെ ഒരു വാഹനംപോലും കടന്നുപോകില്ല. പന്നിവിഴ കല്ലട മുരുപ്പേൽ കൈമലക്കുഴി–മംഗലശ്ശേരിക്കുഴി ഭാഗത്തെ എൺപതോളം കുടുംബങ്ങളുടെ ദുരിതജീവിതം ഇങ്ങനെയാണ്.

ഒരു റോഡ് എന്ന സ്വപ്നം യാഥാർഥ്യമാകാൻ വർഷങ്ങളായി കാത്തിരിക്കുകയാണ് ഇവിടത്തുകാർ. ചെളിവെള്ളം നിറഞ്ഞ വഴിയിലൂടെ ഒന്ന് നടന്നുപോകാൻപോലും ഏറെ സാഹസപ്പെടണം. രോഗം വന്നാൽ ആശുപത്രിയിലെത്തിക്കാൻ ചുമന്നുകൊണ്ടുപോകണം. മരണം സംഭവിച്ചാൽ മൃതദേഹം വീട്ടിലെത്തിക്കാനും ഇതേ ദുരിതവഴി ആശ്രയിക്കണം. അടൂർ നഗരസഭാ പരിധിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇന്നും അടിസ്ഥാനസൗകര്യമായ റോഡ് അന്യമാണ്.വർഷങ്ങൾക്കുമുമ്പ് നടവഴി മാത്രമുണ്ടായിരുന്ന ഇവിടെ 2018-ൽ അന്നത്തെ കൗൺസിലർ ഗോപു കരുവാറ്റയുടെ നേതൃത്വത്തിൽ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ ഭൂമി ഉപയോഗിച്ചാണ് വഴിവെട്ടിയത്. എന്നാൽ, നടവഴിയെ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന റോഡാക്കി മാറ്റാനുള്ള തുടർനടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ടാറിങ്ങോ കോൺക്രീറ്റിങ്ങോ നടത്താത്തതിനാൽ വഴിയിലാകെ ചെളിയും വെള്ളവും നിറഞ്ഞുകിടക്കുന്നു. മഴ പെയ്താൽ സ്ഥിതി കൂടുതൽ ദയനീയമാകും. കാൽനടയാത്രപോലും ദുരിതമാകുന്ന ഈ വഴിയിലൂടെ വാഹനങ്ങൾ എങ്ങനെ കടന്നുവരുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

വായ്പയുമില്ല, വീടെന്ന സ്വപ്നവും അകലെ

റോഡില്ലാത്തത് യാത്രാദുരിതം മാത്രമല്ല, കുടുംബങ്ങളുടെ സാമ്പത്തിക ജീവിതത്തെയും തകർക്കുകയാണ്. വീടുകളിലേക്ക് വാഹനങ്ങൾക്ക് എത്താവുന്ന വഴിയില്ലെന്ന കാരണത്താൽ ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് നാട്ടുകാർ പറയുന്നു. വരുമാനമുണ്ടെങ്കിലും വഴിസൗകര്യമില്ലാത്തതിനാൽ വസ്തുവിന്റെമൂല്യം കണക്കാക്കുന്നതിലും വായ്പ അനുവദിക്കുന്നതിലും പ്രതിസന്ധിയുണ്ടാകുന്നു. വായ്പയെടുത്ത് വാഹനം വാങ്ങാൻ ശ്രമിച്ചാലും സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.പുതിയ വീട് നിർമിക്കാനോ നിലവിലുള്ള വീട് അറ്റകുറ്റപ്പണി നടത്തി പുതുക്കിപ്പണിയാനോ കഴിയാത്തവരും ഇവിടെയുണ്ട്. സിമന്റും കമ്പിയും മണലും ഉൾപ്പെടെയുള്ള നിർമാണസാമഗ്രികൾ വീടുകളിലെത്തിക്കണമെങ്കിൽ വലിയ അധ്വാനവും അധിക ചെലവും വേണം.

ലൈഫ് ഭവനപദ്ധതിയിൽ വീട് ലഭിച്ചാലും നിർമാണസാമഗ്രികൾ എത്തിക്കുന്നതിനുള്ള ചെലവ് താങ്ങാനാവാത്ത സ്ഥിതിയുണ്ടെന്ന് ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. വീടിനായി അനുവദിക്കുന്ന തുകയുടെ വലിയൊരു ഭാഗം സാധനങ്ങൾ ചുമന്നെത്തിക്കാൻ തന്നെ ചെലവഴിക്കേണ്ടിവരുന്നതാണ് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.

മരിച്ചാലും ദുരിതത്തിന് അറുതിയില്ല

അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് റോഡില്ലാത്തതിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. രോഗിയെ വാഹനസൗകര്യമുള്ള സ്ഥലത്തേക്ക് ചുമന്നോ എടുത്തുകൊണ്ടോ എത്തിക്കേണ്ട അവസ്ഥയാണ്. സമയത്ത് ആശുപത്രിയിലെത്തിക്കേണ്ട രോഗികളുടെ കാര്യത്തിൽ ഈ ദുരിതം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.മരണം സംഭവിച്ചാലും കുടുംബങ്ങളുടെ വേദന ഇരട്ടിയാകുന്നു. മൃതദേഹം വീട്ടിലെത്തിക്കേണ്ടിവരുമ്പോൾ ചെളിവെള്ളം നിറഞ്ഞ വഴിയിലൂടെ ചുമന്നുകൊണ്ടുപോകേണ്ടിവരുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിൽക്കേണ്ട അയൽക്കാരും ബന്ധുക്കളും ഒന്നിച്ചിറങ്ങി മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടിവരുന്നത് നാടിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എത്രത്തോളം ഗുരുതരമാണെന്നതിന്റെ തെളിവാണ്.

സഹായം തേടും

:റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനായി എം.എൽ.എ, മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവർക്ക് നിവേദനം നൽകും. നാട്ടുകാരുടെ ദുരവസ്ഥ മനസ്സിലാക്കി എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തും.

-ശരത് ബാബു, കൗൺസിലർഅടൂർ നഗരസഭ