കാവുംഭാഗം-ചാത്തങ്കരി റോഡിൽ പണി നിർത്തിയിട്ട് ഒരുമാസം

തിരുവല്ല : എട്ടരക്കോടി രൂപയുടെ കരാർ. 2024-ൽ കരാർ വെച്ചു. 2025 ജനുവരിയിൽ തുടങ്ങി. നാലുവട്ടം നിർത്തി. പ്രതീക്ഷ നൽകി രണ്ടുമാസം മുമ്പ് വീണ്ടും തുടങ്ങിയ പണികൾ ഒരുമാസം മുമ്പ് നിർത്തി. ഇനി പണി തുടരുമോയെന്ന കാര്യത്തിൽ അവ്യക്തത ബാക്കി. അപ്പർകുട്ടനാട്ടിലെ പ്രധാനപാതയായ കാവുംഭാഗം-ചാത്തങ്കരി റോഡിലാണ് ‘പണിമുടക്കം’ പതിവായത്.

പണി നിർത്തുമ്പോൾ, 300 മീറ്ററിൽക്കൂടി ബി.എം. ടാറിങ് ചെയ്തിരുന്നെങ്കിൽ അത്രയും ദുരിതം കുറഞ്ഞേനെയെന്നത് മറ്റൊരുകാര്യം. കാവുംഭാഗം കാഞ്ഞിരത്തുംമൂട് മുതൽ നെടുമ്പ്രം പഞ്ചായത്തിലെ ചാത്തങ്കരി മുക്കിൽ അമ്പലപ്പുഴ സംസ്ഥാന പാതയിൽ ചേരുന്നതുവരെയാണ് പാത. കാഞ്ഞിരത്തുംമൂട് മുതൽ ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രം വരെ മൂന്നാം ഘട്ടത്തിൽ പാത ഒരുക്കിയിരുന്നു. ആശുപത്രി ജങ്ഷന് 300 മീറ്റർ മുമ്പ് ജോലികൾ നിർത്തി. ഒക്ടോബർ 26-ന് ആയിരുന്നു പണികൾ നിർത്തിയത്. ഊരാളുങ്കലാണ് കരാർ എടുത്തിരിക്കുന്നത്.

പണികൾ ഇങ്ങനെ

5.6 കിലോമീറ്റർ ദൂരമാണ് ഉയർത്തി ബി.എം.-ബി.സി. ടാറിങ്ങ് നടത്തേണ്ടത്. റോഡുപൊളിച്ചിടുന്ന ഭാഗത്ത് ആദ്യം ബി.എം. ടാറിങ്ങും മുഴുവൻ പണികളും കഴിഞ്ഞ ശേഷം ബി.സി. ടാറിങ്ങുമാണ് ഉദ്ദേശിച്ചിരുന്നത്. കാവുംഭാഗത്തുനിന്ന് പെരിങ്ങര ഗണപതിപുരംവരെയുള്ള ഭാഗത്ത് ഒരുവർഷം മുമ്പ് റോഡിൽ ഒന്നാംഘട്ട ടാറിങ് പൂർത്തീകരിച്ചിരുന്നു. തുടർന്ന് ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രംവരെയുള്ള രണ്ടര കിലോമീറ്ററോളം ഭാഗത്ത് റോഡ് പൊളിച്ചിട്ടശേഷം മാസങ്ങളോളം പണി നിർത്തിവെച്ചു. ഇവിടെ പല ഘട്ടങ്ങളിലായി ഒന്നാംഘട്ട ടാറിങ്ങിന് മുന്നോടിയായുളള മെറ്റിൽ വിരിക്കലടക്കം നടത്തിയെങ്കിലും പൂർത്തിയായില്ല.

മേഖലയിലെ പ്രധാന പാതയായ ഇവിടെ ഒരുവർഷമായി ദുരിതയാത്ര തുടർന്നു. ഓഗസ്റ്റ് ആദ്യം വെള്ളപ്പൊക്കമുണ്ടായതോടെ ഉപരിതലം മുഴുവനിളകി. മെറ്റിൽമാത്രം നിരന്നതോടെ യാത്ര തീർത്തും ദുഷ്‌കരമായി മാറി. പല കോണിൽനിന്ന് പ്രതിഷേധം ഉയർന്നതോടെ സെപ്റ്റംബറിൽ വീണ്ടും തുടങ്ങി. രണ്ട് കിലോമീറ്ററോളം ചെയ്തശേഷം അപ്രതീക്ഷിതമായി പണികൾ നിർത്തി. ഇതോടെ കരാർ ഉപേക്ഷിക്കപ്പെടുമെന്ന് നാട്ടുകാർക്കിടയിൽ ചർച്ചയായി.

തൊടാതെ ഒന്നര കിലോമീറ്റർ

ചാത്തങ്കരി സാമൂഹിക ആരോഗ്യകേന്ദ്രംമുതൽ മണക്ക് ആശുപത്രിവരെയുള്ള ഒന്നര കിലോമീറ്ററോളം ഭാഗത്ത് ഇതുവരെ ഒരുപണിയും ചെയ്തിട്ടില്ല. അഞ്ച് കലുങ്കുകൾ പൊളിച്ച് വീതികൂട്ടി പണിയേണ്ടതുണ്ട്. ഒരെണ്ണംപോലും പൊളിച്ചില്ല. കലുങ്കുള്ള ഭാഗം ഒഴിച്ചിട്ടാണ് ഇപ്പോൾ റോഡ് ഉയർത്തിയിരിക്കുന്നത്. വൈദ്യുത പോസ്റ്റുകൾ മാറ്റിയിടുക, പൈപ്പ്‌ലൈൻ നീക്കിയിടുക തുടങ്ങിയ ജോലികളും പൂർത്തിയായിട്ടില്ല. 11 മാസത്തെ കരാർ കാലാവധിയിൽ തുടങ്ങിയ പണികളാണ് പൂർത്തിയാക്കാതെ കിടക്കുന്നത്.