പണിമുടക്കി ‘മുത്തച്ഛൻ’ മോട്ടോർ; മെഴുവേലിക്ക്‌ ദാഹിക്കുന്നു

# നിലവിൽ കേടായ മോട്ടോറുകൾ അഴിച്ചെടുത്ത് അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്.

# ബെയറിങ് മാറ്റാനും പുതിയ വാൽവ് ഘടിപ്പിക്കാനും ഇനിയും രണ്ടു ദിവസമെങ്കിലും സമയമെടുക്കുമെന്നാണ് ജല അതോറിറ്റി അധികൃതർ അറിയിച്ചത്.

# രണ്ട് പമ്പുകളുടെയും ബെയറിങ് ഒരേസമയം തകരാറിലായി

ഇലവുംതിട്ട : വേനൽ കടുക്കുംമുമ്പേ തൊണ്ട നനയ്ക്കാൻ തുള്ളി വെള്ളമില്ലാതെ മെഴുവേലി പഞ്ചായത്ത് നിവാസികൾ. പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും പൈപ്പുകളിലൂടെ വെള്ളം എത്തിയിട്ട് ഒരാഴ്ച പിന്നിടുന്നു. ദാഹജലത്തിനായി നെട്ടോട്ടത്തിലാണ് ജനം. വീടുകളിലെ ആവശ്യങ്ങൾക്കും പ്രാഥമിക കൃത്യങ്ങൾക്കുംപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.

നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കാൻ വില്ലനായത് നല്ലാനിക്കുന്ന് ബൂസ്റ്റർ സ്റ്റേഷനിലെ 35 വർഷത്തിലേറെ പഴക്കമുള്ള ഒരു ‘മുത്തച്ഛൻ’ മോട്ടോറാണ്. കാലപ്പഴക്കം ചെന്ന ഈ മോട്ടോർ പെട്ടെന്ന് പണിമുടക്കിയതോടെയാണ് മെഴുവേലിയുടെയും ചെന്നീർക്കരയുടെയും പല ഭാഗങ്ങളിലും ദാഹജലം കിട്ടാതായത്. ഇടയ്ക്കിടെ കേടാകുന്ന മോട്ടോർ അറ്റകുറ്റപ്പണി നടത്തി ഒരുവിധം പ്രവർത്തിപ്പിച്ചാണ് ഇതുവരെ മുന്നോട്ട് കൊണ്ടുപോയിരുന്നത്.

ചെന്നീർക്കര മുറിപ്പാറയിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം മഞ്ഞിനിക്കര ടാങ്കിലെത്തിച്ച്, അവിടെനിന്നാണ് നല്ലാനിക്കുന്നിലെ ബൂസ്റ്റർ സ്റ്റേഷനിലേക്ക് നൽകുന്നത്. അവിടെനിന്നാണ് മെഴുവേലിയിലേക്ക് വെള്ളം അടിക്കുന്നത്. എന്നാൽ, ഇവിടത്തെ രണ്ട് പമ്പുകളുടെയും ബെയറിങ് ഒരേസമയം തകരാറിലായതാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധിക്ക് കാരണം. കൂടാതെ, മോട്ടോറിലെ എൻ.ആർ.വി. വാൽവിനുണ്ടായ തകരാർ കാരണം പമ്പുചെയ്യുന്ന വെള്ളം മുന്നോട്ട് പോകാതെ പമ്പിലേക്ക് തന്നെ തിരികെ വരുന്ന അവസ്ഥയുമുണ്ട്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ പമ്പിങ് പൂർണമായും നിർത്തിവെയ്ക്കാൻ അധികൃതർ നിർബന്ധിതരായി.

കാലപ്പഴക്കം ചെന്ന മോട്ടോറുകൾ അടിക്കടി കേടാകുന്നത് ഇവിടെ തുടർക്കഥയായി. താത്കാലികമായി അറ്റകുറ്റപ്പണികൾ നടത്തി പഴയ മോട്ടോർ തിരികെ വെക്കുന്നതിന് പകരം, പുതിയ മോട്ടോറുകൾ സ്ഥാപിച്ച് തങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നാണ് ദാഹിച്ചുവലയുന്നവരുടെ ആവശ്യം.