കല്ലൂപ്പാറയിൽ വെള്ളം കിട്ടാതായിട്ട് ഒരാഴ്ച

കല്ലൂപ്പാറ : ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾകാരണം കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്തിലെ ജലവിതരണതടസ്സം തുടരുന്നു. നവംബർ നാലുമുതൽ എട്ടുവരെ 10, 11, 12 ഒഴികെയുള്ള വാർഡുകളിൽ വെള്ളം കിട്ടില്ലെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച പുതുക്കിയ അറിയിപ്പിൽ 12 വരെ വെള്ളം കിട്ടില്ലെന്നാണ് പറയുന്നത്.

ജൽജീവൻ മിഷൻ പദ്ധതി ഭാഗമായി ഈട്ടിക്കപ്പടിമുതൽ കോളേജ് മലവരെയുള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതായാണ് വാട്ടർ അതോറിറ്റി അസി. എൻജിനിയർ വിശദീകരിക്കുന്നത്. പഴയ ആസ്ബസ്റ്റോസ് പൈപ്പുകൾക്കുപകരം പുതിയവ കുഴിച്ചിടുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമെന്നാണ് അറിയിപ്പിൽ പറയുന്നത്.

വെള്ളത്തിന്റെ വിതരണം രണ്ടാമത്തെ ആഴ്ചയിലും തടസ്സപ്പെട്ടതോടെ ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായി. പലരും വാഹനങ്ങളിൽ ടാങ്കുകൾവെച്ച് വെള്ളമെത്തിക്കുന്നു. ഇതിന് പണം മുടക്കാനില്ലാത്തവർ ദുരിതത്തിലാണ്. പ്രവൃത്തി ഉടനെ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിക്കണമെന്നാണ് പൊതു ആവശ്യം.