മണ്ണിടിയുന്നു... മുപ്പതടി ഉയരത്തിൽനിന്ന്

ദുരന്തഭീഷണിയിൽ കൂടൽ-മാങ്കോട് റോഡ്‌

കലഞ്ഞൂർ : കൂടൽ-ഇരുതോട്-മാങ്കോട് റോഡിൽ രാജഗിരി എസ്റ്റേറ്റിൽനിന്ന് അപകടകരമായി മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. ഇരുതോട് പാലത്തിനു സമീപം മുപ്പതടിയോളം ഉയരത്തിൽനിന്നാണ് മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് വീഴുന്നത്.

ചെറിയ മഴ പെയ്താൽപോലും ഇവിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യം നിലനിൽക്കുകയാണ്. കൂടലിൽനിന്ന് മാങ്കോടിന് പോകുന്ന പ്രധാന റോഡിലൂടെ സ്‌കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നുണ്ട്. റോഡിന് സമീപത്തെ ഉയർന്ന ഭാഗങ്ങളിൽനിന്ന് മണ്ണിടിഞ്ഞുവീഴുന്നതിന് പുറമേ ഇരുതോട് തോട്ടിലേക്കും റോഡിന്റെ അരികിൽനിന്ന് വലിയതോതിൽ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. ഇരുതോട് പാലം നിർമാണസമയത്തും സമാനമായ രീതിയിൽ റോഡിന്റെ അരികിലെ മണ്ണും സംരക്ഷണഭിത്തിയുൾപ്പെടെയുള്ള ഭാഗങ്ങളും തോട്ടിലേക്ക് ഇടിഞ്ഞുവീണ് താഴ്ന്നിരുന്നു.

മണ്ണുനീക്കാൻ തയ്യാറല്ല

മണ്ണിടിഞ്ഞ് റോഡിൽ വീണിട്ടും അത് നീക്കംചെയ്യുന്നതിനോ അപകടസാധ്യത ഒഴിവാക്കുന്നതിനോ എസ്റ്റേറ്റ് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിലേക്ക് പതിച്ച മണ്ണുപോലും നീക്കം ചെയ്യാതെ കിടക്കുന്നത് ഇരുചക്രവാഹനയാത്രക്കാർക്ക് അപകടഭീഷണിയാണ്. കൊടുംവളവിന് സമീപത്തായി റോഡിലേക്ക് മണ്ണ് കിടക്കുന്നത് ഒഴിവാക്കി പോകുമ്പോൾ സമീപത്തെ താഴ്ചയുള്ള തോടിനരികിലൂടെ അപകടകരമായി വാഹനങ്ങൾ യാത്ര ചെയ്യേണ്ടിവരുന്നുമുണ്ട്.റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ പഞ്ചായത്തുതല ദുരന്തനിവാരണസമിതിയും ആവശ്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ചെറിയ മഴയിൽപോലും മണ്ണിടിയുന്ന സാഹചര്യത്തിൽ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിൽ അടിയന്തരമായി സുരക്ഷാഭിത്തി നിർമിക്കുകയും റോഡിലേക്കുവീണ മണ്ണ് നീക്കംചെയ്ത് അപകടസാധ്യത ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.