വടക്കഞ്ചേരി ബൈപ്പാസ്, സ്ഥലം അളക്കൽ ആരംഭിച്ചു

വടക്കഞ്ചേരി ബൈപ്പാസ് നിർമിക്കുന്നതിന്റെ ഭാഗമായി സ്ഥലം അളക്കൽ ആരംഭിച്ചപ്പോൾ
വടക്കഞ്ചേരി ബൈപ്പാസ് നിർമിക്കുന്നതിന്റെ ഭാഗമായി സ്ഥലം അളക്കൽ ആരംഭിച്ചപ്പോൾ

വടക്കഞ്ചേരി: ടൗണിലെ തിരക്ക് കുറയ്ക്കാൻ ബൈപ്പാസ് നിർമിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി സ്ഥലം അളക്കൽ ആരംഭിച്ചു. മാണിക്കപ്പാടം കനാൽ റോഡിൽനിന്ന് കേരള ബാങ്കിന്റെ സമീപംവരെ ജലസേചന വകുപ്പിന്റെ സ്ഥലത്താണ് ബൈപ്പാസ് നിർമിക്കാൻ ലക്ഷ്യമിടുന്നത്.

ഇതുവഴി കനാൽ ഉണ്ടായിരുന്നെങ്കിലും കൃഷിയില്ലാതായതോടെ ഇവയെല്ലാം മൂടിപ്പോയി. സ്ഥലം വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ അതിരുകൾ നിശ്ചയിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. ശനിയാഴ്ച അരക്കിലോമീറ്ററോളം ദൂരത്തിൽ സ്ഥലം അളന്ന് അതിരുകൾ രേഖപ്പെടുത്തി. ഡിസംബർ 10-നുള്ളിൽ സ്ഥലം പൂർണമായി അളന്ന് തിരിക്കുമെന്ന് ജലസേചന വകുപ്പധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് നോട്ടീസ് നൽകിയശേഷം തുടർനടപടികൾ സ്വീകരിക്കും. സ്ഥലം അളക്കൽ പൂർത്തിയായശേഷം ഭൂമി ഗ്രാമപ്പഞ്ചായത്തിന് കൈമാറും.

തുടർന്ന് എം.എൽ.എ. ഫണ്ടുപയോഗിച്ച് റോഡ് നിർമിക്കുകയാണ് ലക്ഷ്യം. താലൂക്ക് സർവേയർ ജിജി ജോർജ്, വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസർ കെ. രതീഷ്, ജലസേചനവകുപ്പ് അസിസ്റ്റന്റ് എൻജിനിയർ എസ്. വിജു, വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശശികല, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബി. മഞ്ജുള, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ലൈല കാസിം, ദീപ ബൈജു, സുനിൽ ചുവട്ടുപാടം, സി. കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Land survey has commenced for the proposed Vadakkencherry bypass to ease traffic congestion in the town.