കൊയ്ത്ത് കഴിഞ്ഞ് രണ്ടു മാസമായിട്ടും നെല്ലെടുത്തില്ല; കർഷകർ ദുരിതത്തിൽ

ചിറ്റൂർ: കൊയ്ത്ത് കഴിഞ്ഞ് രണ്ടു മാസമായിട്ടും സപ്ലൈകോയുടെ നെല്ലെടുപ്പ് പൂർണ്ണമാകാതെ കർഷകർ ദുരിതത്തിൽ. കൊയ്ത നെല്ല് ചാക്കിലാക്കി വീടുകളിലും കളത്തിലുമായി കിടക്കുകയാണ്.
വായ്പയും മറ്റും വാങ്ങി കൃഷിയിറക്കി വിളവെടുപ്പു നടത്തി ചാക്കിലാക്കി വെച്ചാൽ കർഷകന്റെ ആവശ്യങ്ങൾ നടക്കില്ല. അതു വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് ജീവിതം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കർഷകർ പറയുന്നു.
സ്വന്തം കളം പോലുമില്ല. മറ്റ് ചില കർഷകരുടെ കളങ്ങളിലാണ് നെല്ല് സൂക്ഷിച്ച് വരുന്നത്. നെല്ലെടുപ്പിന്റെ പ്രാരംഭ നടപടിയായ മഞ്ഞ കാർഡ് കൊടുക്കൽ പോലും പൂർണമായി നടത്താൻ കഴിഞ്ഞിട്ടില്ല. നല്ലേപ്പിള്ളി കൃഷി ഭവന്റെ പരിധിയിൽ 2000 ത്തോളം കർഷകരിൽ, 1500 കർഷകരുടെ നെല്ലെടുത്തു എന്നാണ് ഏകദേശ കണക്ക്. കർഷകരെ ദുരിതത്തിലാക്കാതെ നെല്ലെടുപ്പ് സജീവമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
അതേസമയം, വാഹനത്തിന്റെ കുറവാണ് നെല്ലെടുപ്പിൽ മാന്ദ്യം വരുന്നതെന്നും കാർഡ് കൊടുക്കൽ ഏകദേശം പൂർണമായി കർഷകരെ ബുദ്ധിമുട്ടിക്കാതെ നെല്ല് സംഭരണം ഉചിതമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നല്ലേപ്പിള്ളി കൃഷി ഓഫീസർ പറഞ്ഞു.
Content Highlights: Farmers in Chittur are facing severe financial distress as Supplyco delays paddy procurement two months after the harvest.