ഒറ്റപ്പാലത്ത് രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു

ഒറ്റപ്പാലം: നഗരത്തിൽ തെരുവുനായയുടെ പരാക്രമത്തിൽ രണ്ടുപേർക്ക് കടിയേറ്റു. ഒരാൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഫാൻസി ഗോൾഡ് വ്യാപാരിയായ പൂളക്കുണ്ട് സ്വദേശി അഷറഫ് (65), കാൽനട യാത്രക്കാരനായ ഒറ്റപ്പാലം കമലാലയ റോഡ് സ്വദേശി അനിൽ (56) എന്നിവർക്കാണ് കടിയേറ്റത്. പാലാട്ട് റോഡ് സ്വദേശി പ്രമീളയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ തെരുവുനായ ഓടിയെത്തി കടിച്ചെങ്കിലും ചുരിദാറിൽ കടിയേറ്റതുമൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ ബസ്സ്റ്റാൻഡിന് സമീപത്തെ ഗോൾഡൻ പ്ലാസയിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് അഷറഫിന് കടിയേറ്റത്. ടി.ബി. റോഡ് ഭാഗത്തുവെച്ചാണ് വീട്ടിൽനിന്ന് പട്ടണത്തിലേക്ക് നടന്നുപോവുകയായിരുന്ന അനിലിനെ ഇതേ നായ കടിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർമാരും വ്യാപാരികളുമൊക്കെ ചേർന്ന് നായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും പാലാട്ട് റോഡ് ഭാഗത്തേക്ക് ഓടിരക്ഷപ്പെട്ടു.
ഇതിനിടെയാണ് പ്രമീളയെ കടിക്കാൻ ശ്രമിച്ചത്. ഇതോടെ ജനപ്രതിനിധികളും വ്യാപാരികളും ഇടപെട്ട് അധികൃതരെ വിവരമറിയിച്ചു. തുടർന്ന്, ഒറ്റപ്പാലം വെറ്ററിനറി പോളിക്ലിനിക്കിലെ നായപിടിത്തക്കാരൻ പാലക്കാട് സ്വദേശി പ്രദീപിന്റെ നേതൃത്വത്തിൽ കമലാലയ റോഡിനുസമീപം തെരുവുനായയെ പിടികൂടി. കാലിന് കടിയേറ്റ ഇരുവരും ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ചികിത്സതേടി.
Content Highlights: Two people including a merchant were injured in a stray dog attack in Ottapalam town before the dog was caught by authorities.