പറമ്പിക്കുളത്ത് ജനസേവനകേന്ദ്രവും ഡിജിറ്റൽ ക്ലാസ്‌മുറിയും തുറന്നു

പറമ്പിക്കുളത്തരംഭിച്ച ജനസേവന കേന്ദ്രത്തിന്റെയും ഡിജിറ്റൽ ക്ലാസ്മുറിയുടെയും  ഉദ്‌ഘാടനം ലഫ്റ്റനന്റ് കേണൽ റിഷി രാജലക്ഷ്മി നിർവ്വഹിക്കുന്നു
പറമ്പിക്കുളത്തരംഭിച്ച ജനസേവന കേന്ദ്രത്തിന്റെയും ഡിജിറ്റൽ ക്ലാസ്മുറിയുടെയും ഉദ്‌ഘാടനം ലഫ്റ്റനന്റ് കേണൽ റിഷി രാജലക്ഷ്മി നിർവ്വഹിക്കുന്നു

കൊല്ലങ്കോട്: പറമ്പിക്കുളത്ത്‌ ജനസേവനകേന്ദ്രവും തേക്കടി ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ ഡിജിറ്റൽ ക്ലാസ്‌മുറിയും ഒടുവിൽ യാഥാർഥ്യമായി. ഇവിടത്തുകാർക്കു സർക്കാർ ഓൺലൈൻ സേവനങ്ങളും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും ലഭ്യമാകുന്നതിന് 80 കിലോമീറ്ററിലധികം താണ്ടി മുതലമടയിൽ എത്തുന്നതിനുള്ള പ്രയാസവും യാത്രാദുരിതവും ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.

ജനസേവന കേന്ദ്രത്തിന്റെയും ഡിജിറ്റൽ ക്ലാസ് മുറിയുടെയും ഉദ്‌ഘാടനം ലഫ്റ്റനന്റ് കേണൽ റിഷി രാജലക്ഷ്മി നിർവഹിച്ചു. മുതലമട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. തിരുചന്ദ്രൻ അധ്യക്ഷനായി.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. കമലഹാസ്, ചലച്ചിത്ര സംവിധായകൻ പത്മകുമാർ എന്നിവർ മുഖ്യാതിഥികളായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ടി. ഉമ, നെന്മാറ ഡി.എഫ്.ഒ. കെ. അഷ്റഫ്, ജി.എസ്. ഗിരീഷ്, ഊരുമൂപ്പൻ രാമൻകുട്ടി, കെ. സിയാവുദ്ദീൻ, കെ.സി. സനൂപ്, ടി.പി. സന്തോഷ്, അശോക് നെന്മാറ, ജിയോ ബേസിൽ പോൾ തുടങ്ങിയവർ സംസാരിച്ചു.

ഉപജില്ലാ കലോത്സവത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ അനുമോദിച്ചു. വനംവകുപ്പ്, മുതലമട ഗ്രാമപ്പഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്, ടാറ്റ എലക്സി എന്നിവ ചേർന്നാണ് ജനസേവനകേന്ദ്രവും ഡിജിറ്റൽ ക്ലാസ്‌മുറിയും തുറന്നിട്ടുള്ളത്.

Content Highlights: A long-pending demand was fulfilled as a public service center and a digital classroom were inaugurated in Parambikulam.