റോഡപകടങ്ങൾ തടയാൻ അടിയന്തര നടപടി അവശ്യം: മന്ത്രി കെ.എ. തുളസി

പാലക്കാട്: ജില്ലയിൽ വിവിധ ഇടങ്ങളിലുണ്ടാകുന്ന റോഡപകടങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ.എ തുളസി. ജില്ലാ വികസനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാതകൾ ഉൾപ്പെടെയുള്ള റോഡുകളിലെ കുഴികൾ നികത്താനും നിർമാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഉദ്യോഗസ്ഥർ നടപടി എടുക്കണമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ കെ. സുധീർ അധ്യക്ഷനായി. എ.ഡി.എം. എ. അബ്ദുൾ ലത്തീഫ്, ആർ.ഡി.ഒ. കെ. ദേവകി, ഡെപ്യൂട്ടി കളക്ടർ(എൽ.എ.) മുഹമ്മദ് റാഫി, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ നൈനാൻ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിൽ ഒഴിവുകൾ നികത്തണമെന്നും കഞ്ചിക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് നിർമാണം വേഗത്തിലാക്കണമെന്നും വി.കെ ശ്രീകണ്ഠൻ എം.പി. യോഗത്തിൽ നിർദേശിച്ചു. മലമ്പുഴ ദേശീയോദ്യാന നവീകരണം ഡിസംബറോടെ പൂർത്തിയാക്കണമെന്ന് എ പ്രഭാകരൻ എം.എൽ.എ. ആവശ്യപ്പെട്ടു.
മുണ്ടൂർ-തൂത റോഡിലെ അപകടങ്ങൾ നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ.യും പാലക്കാട്-പൊള്ളാച്ചി റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കണമെന്ന് സുമേഷ് അച്യുതൻ എം.എൽ.എ.യും ആവശ്യപ്പെട്ടു.
Content Highlights: Minister K.A. Thulasi directed officials to take immediate steps to prevent road accidents during the Palakkad District Development Committee meeting.