വെങ്ങന്നൂരിന്റെ സ്വൈര്യം കെടുത്തി ടോറസ് ലോറികൾ

 ലോറിയിൽനിന്ന് വീണ കരിങ്കല്ലിൽക്കയറി കാർ നിയന്ത്രണംവിട്ടു

ആലത്തൂർ : കരിങ്കൽ ക്വാറിയിൽ വരുന്ന വലിയ ടോറസ് ലോറികൾ വെങ്ങന്നൂർ നിവാസികളുടെ സ്വൈര്യം കെടുത്തുന്നു. വ്യാഴാഴ്ച രാവിലെ വെങ്ങന്നൂർ മോസ്‌കോ മുക്കിനുസമീപം ടോറസ് ലോറിയിൽനിന്ന് പാതയിലേയ്ക്ക് തെറിച്ചുവീണ വലിയപാറക്കഷണത്തിൽ കയറിയ കാർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു. ആർക്കും പരിക്കില്ല. കാറിന്റെ മുൻഭാഗത്തിന് കേടുപറ്റി. വാഹനത്തിൽനിന്ന് തള്ളിനിൽക്കുന്ന വിധത്തിൽ കരിങ്കല്ല് കൊണ്ടുപോകരുതെന്ന വ്യവസ്ഥ ലംഘിക്കുന്നത് പതിവാണ്. മുൻപും ഇത്തരത്തിൽ കല്ല് പാതയിലേയ്ക്ക് വീണിരുന്നു.

വെങ്ങന്നൂർ വാലിപ്പറമ്പ് പ്രദേശത്ത് ജൽജീവൻ മിഷൻ സ്ഥാപിച്ച പൈപ്പിൽ ഭാരവാഹനം കയറി പൊട്ടി. വെള്ളം പാതയിലേയ്ക്ക് മണിക്കൂറുകളോളം കുത്തി ഒഴുകിയതിനാൽ പാതയിൽ വലിയ കുഴി രൂപപ്പെട്ടു. ജൽജീവൻ പദ്ധതിയുടെ പരീക്ഷണപമ്പിങ് ആരംഭിച്ച വ്യാഴാഴ്ചയാണ് പൈപ്പ് പൊട്ടിയത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൈപ്പ് നന്നാക്കുകയും താത്ക്കാലികമായി ക്വാറി അവശിഷ്ടം ഉപയോഗിച്ച് കുഴി നികത്തുകയുംചെയ്തു.

ആലത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തിയിൽ അയൽ ഗ്രാമപ്പഞ്ചായത്തുകളിലാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. ഇവിടേയ്ക്കുള്ള വമ്പൻ ഭാരവാഹനങ്ങൾ ആലത്തൂർ-കുത്തനൂർ പാതയിൽ വെങ്ങന്നൂരിലൂടെയാണ് വന്നുപോകുന്നത്. സ്‌കൂൾ സമയംപോലും പരിഗണിക്കാതെയും രാപകൽ ലോറികൾ അനിയന്ത്രിതമായി ഓടുകയാണ്. മൂന്നുമാസം മുമ്പ് ടാർ ചെയ്ത പാത തകർന്നുതുടങ്ങി. പൊടിശല്യവും ഗതാഗതക്കുരുക്കും പതിവായി. കഴിഞ്ഞദിവസം ഗ്രാമപ്പഞ്ചായത്ത് അംഗത്തെ കടന്നുപോകാൻ അനുവദിക്കാതെപോയ ലോറി ജനകീയസമിതി തടഞ്ഞിട്ടിരുന്നു. പോലീസ്, റവന്യു, മൈനിങ് ആൻഡ് ജിയോളജി, മോട്ടോർ വാഹനവകുപ്പ്, അളവുതൂക്ക വിഭാഗം എന്നിവയ്ക്ക് പ്രദേശവാസികൾ പരാതിനൽകിയിട്ടും നടപടിയില്ല.