ആദിവാസിഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് സമരവുമായി സി.പി.എം.

അഗളി : അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുത്തതിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി സി.പി.എം. അട്ടപ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഭൂമിപിടിച്ചെടുക്കൽ സമരം നടത്തി.

അട്ടപ്പാടി പുതൂർ ദൊഡുഗട്ടയിൽ വ്യാജരേഖകളിലൂടെ ഭൂമി തട്ടിയെടുത്തതാണെന്നാണ് പരാതി. പാടവയൽ വില്ലേജിൽ സർവേ നമ്പർ 317-ൽപ്പെട്ട സ്ഥലത്ത് ആദിവാസികളും സി.പി.എം. പ്രവർത്തകരും പ്രതിഷേധകൊടി നാട്ടി ഷെഡ്‌ഡുകെട്ടി ഭൂമി പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. സമരം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. പിടിച്ചെടുത്ത ഭൂമി സംരക്ഷിക്കണമെന്നും ആദിവാസിഭൂമി അന്യാധീനപ്പെടാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെതിരേ സർക്കാർ നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി എ. പരമേശ്വരൻ അധ്യക്ഷനായി. ജില്ലാക്കമ്മിറ്റി അംഗം സി.പി. ബാബു, വി.കെ. ജയിംസ്, ജോസ് പനക്കാമറ്റം എന്നിവർ സംസാരിച്ചു.

ആദിവാസിഭൂമിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

പാടവയലിൽ തന്റെ സുഹൃത്തിന്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് സാക്ഷിയായി ഒപ്പിട്ടിട്ടുണ്ടെന്നും അത് ആദിവാസി ഭൂമിയല്ലെന്നും അഗളി പഞ്ചായത്ത് അധ്യക്ഷൻ ഷിബു സിറിയക് പറഞ്ഞു. ആദിവാസി ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമം. വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആദിവാസിഭൂമി തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് കോൺഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ പറഞ്ഞു. സഹോദരൻ തനിക്ക് ഇഷ്ടദാനമായി എഴുതിനൽകിയ ഭൂമിയാണ് ആദിവാസിഭൂമിയാണെന്ന് ആരോപിക്കുന്നത്. ഈ ഭൂമിയുടേത് ഉൾപ്പെടെ വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട കമ്മിഷൻതുക ബാങ്ക് വഴി കൈമാറിയിട്ടുണ്ട്. ഇത് ഭൂമിവാങ്ങിയതിനുള്ള തുകയാണെന്നാണ്‌ സി.പി.എം. പ്രചരിപ്പിക്കുന്നതെന്നും ഹനീഫ പറഞ്ഞു.