കാഴ്ചവസന്തമൊരുക്കിപാതയോരത്തെ ചെണ്ടുമല്ലിത്തോട്ടം

കൊപ്പം : പട്ടാമ്പി-പുലാമന്തോൾ പാതയിലെ വിളയൂർ സെന്ററിലൂടെ കടന്നുപോകുന്നവർക്ക് കാഴ്ചവസന്തമൊരുക്കുകയാണ് റോഡരികിലെ ചെണ്ടുമല്ലിത്തോട്ടം. 150-ഓളം ചെണ്ടുമല്ലിച്ചെടികളാണ് ഈ പൂന്തോട്ടത്തിലുള്ളത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള പൂക്കൾ യാത്രക്കാർക്കും വഴിയാത്രക്കാർക്കും നിറക്കാഴ്ചയൊരുക്കുകയാണ്.

മദ്രസ അധ്യാപകനും സാമൂഹികപ്രവർത്തകനുമായ വിളയൂർ മൂരിക്കുന്നത്ത് ഉമ്മർ ഫാറൂഖാണ് ഈ പൂന്തോട്ടത്തിന്റെ ശില്പി. കാടുപിടിച്ചുകിടന്ന ഈ പ്രദേശം രണ്ടുവർഷംമുൻപാണ് വൃത്തിയാക്കി ഉമ്മർ ഫാറൂഖ് പൂന്തോട്ടനിർമാണം തുടങ്ങിയത്. ആദ്യം മാവിൻതൈയും മറ്റുചെടികളും ഇവിടെ വെച്ചുപിടിപ്പിച്ചു. നാലുമാസം മുൻപാണ് ചെണ്ടുമല്ലിനട്ടത്. പരിസരം വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂന്തോട്ടം ഒരുക്കിയതെന്ന് ഉമ്മർ ഫാറൂഖ് പറഞ്ഞു.

നാട്ടുകാരുടെ സഹകരണവുമുണ്ട് ഈ ഉദ്യമത്തിന്. ചെണ്ടുമല്ലിത്തൈകൾക്കുപുറമേ നിത്യകല്യാണി ഉൾപ്പെടെയുള്ള മറ്റുചെടികളും ഈ പൂന്തോട്ടത്തിലുണ്ട്.

ഒഴിവുസമയങ്ങളിൽ പൂന്തോട്ടത്തിലെത്തി ചെടികളുടെ പരിചരണവും ഉമ്മർഫാറൂഖ് നടത്തും.

ചെണ്ടുമല്ലിപ്പൂക്കൾ വിടർന്നതോടെ സമീപത്തെ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികളും ഇതുകാണാൻ ഇവിടേക്കെത്തുന്നുണ്ട്.