പാലക്കാടിന്റെ പൂർവനാമമുള്ള ലിഖിതം കണ്ടെത്തി

#ആർ. വിമൽ കുമാർ

തിരുപ്പൂർ: പാലക്കാടിന്റെ 'വെള്ളപ്പനാട്' എന്ന പൂർവ്വനാമവും ചരിത്രവും തിരുപ്പൂർ ജില്ലയിലെ ക്ഷേത്ര ലിഖിതത്തിൽ കണ്ടെത്തിയെന്ന അവകാശവാദവുമായി ഗവേഷകർ. മഠത്തുകുളം താലൂക്കിലെ കടത്തൂരിലെ അർജുനേശ്വരർ ക്ഷേത്രത്തിലാണ് നാല് ലിഖിതങ്ങളിലായി പരാമർശമുള്ളതെന്ന് അവർ പറഞ്ഞു.

തമിഴ്നാട് സംസ്ഥാന പുരാവസ്തു വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും സീനിയർ എപ്പിഗ്രാഫിസ്റ്റുമായ ഡോ. പൂകുൻട്രൻ തന്റെ ലേഖനത്തിൽ ഇതേക്കുറിച്ച് എഴുതിയിരുന്നു. തുടർന്ന് തിരുപ്പൂർ സ്വദേശിയായ ചരിത്രകാരൻ എസ്. ശിവപ്രകാശും സ്വതന്ത്ര ഗവേഷകനായ പാലക്കാട് കോങ്ങാട് സ്വദേശി പി.എസ്. സായ്നാഥ് മേനോനുമാണ് പഠനം നടത്തിയത്. കേരളോൽപ്പത്തി അടക്കമുള്ള ഗ്രന്ഥങ്ങളിലും സാഹിത്യ കൃതികളിലും ചില പുരാതന രേഖകളിലും 'വെള്ളപ്പനാട്' എന്ന് ഇന്നത്തെ പാലക്കാടിനെ പ്രതിപാദിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ ഈ പേര് വരുന്ന ലിഖിതങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സായ്നാഥ് പറയുന്നു. എന്നാൽ, തിരുപ്പൂർ ജില്ലയിലെ കടത്തൂർ അർജുനേശ്വരർ ക്ഷേത്രത്തിലെ നാല് ലിഖിതത്തിൽ പാലക്കാടിനെ കുറിക്കാൻ വെള്ളപ്പനാട് എന്ന് കൊടുത്തിരിക്കുന്നെത് ശ്രദ്ധേയമാണെന്ന് ശിവപ്രകാശ് പറഞ്ഞു.

കൊങ്കു ചോള രാജാവായിരുന്ന വീര ചോളന്റെ മൂന്നാമന്റെ ഭരണ കാലത്ത് (എ.ഡി. 1187) വെള്ളപ്പനാട് പാലക്കാട്ട് ചേരിയിലുള്ള അഴകിയ മാണിക്യ പല്ലവരായൻ നൽകിയ ദാനത്തെക്കുറിച്ചും 1222, 1229 വർഷങ്ങളിൽ വീരരാജേന്ദ്രൻ ചോളൻ കൊങ്കുനാട് ഭരിച്ചിരുന്നപ്പോൾ വെള്ളപ്പനാട് പാലക്കാട്ടുചേരിയിൽ ഉള്ള ധനഞ്ജയ പല്ലവരായൻ എന്ന സൈന്യാധിപൻ ദാനം കൊടുത്തതും ക്ഷേത്ര ലിഖിതത്തിൽ ഉണ്ടെന്ന് അവർ പറഞ്ഞു. ധനഞ്ജയ പല്ലവരായന്റെ തന്നെ വിവിധ ലിഖിതങ്ങൾ ഈ ക്ഷേത്രത്തിൽ കാണാമെന്ന് ശിവപ്രകാശ് വ്യക്തമാക്കി.