ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര: ഇന്ന് തിരുപ്പൂരിലും നാളെ കോയമ്പത്തൂരിലും ഗതാഗതനിയന്ത്രണം

കോയമ്പത്തൂർ : വിനായകചതുർഥി ആഘോഷഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങൾ 18-ന് നിമജ്ജനം ചെയ്യും. വിവിധ ഭാഗങ്ങളിൽനിന്നുള്ള ഘോഷയാത്രകൾ നഗരത്തിലൂടെ മുത്തണ്ണൻ കുളത്തിലെത്തിയാണ് നിമജ്ജനം ചെയ്യുക.

നഗരത്തിൽ അന്നേദിവസം രാവിലെ ഏഴുമുതൽ രാത്രി പത്തുവരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നഗരത്തിൽ രാജാ സ്ട്രീറ്റ്, ബിഗ്‌ ബസാർ, വെറൈറ്റി ഹാൾ റോഡ്, ഗാന്ധി പാർക്ക്, ശുക്രവാർപേട്ട്, ത്യാഗി കുമരൻ സ്ട്രീറ്റ്, തടാകം റോഡ് തുടങ്ങിയ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിരോധിച്ചു.

ഉദുമൽപേട്ട മേഖലയിലെ 325 ഗണേശവിഗ്രഹങ്ങൾ അമരാവതി നദിയിൽ നിമജ്ജനംചെയ്തു

തിരുപ്പൂർ : വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഗണേശവിഗ്രഹങ്ങളുടെ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി വ്യാഴാഴ്ച തിരുപ്പൂർ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി സിറ്റി പോലീസ്. രാവിലെ എട്ടുമുതൽ രാത്രി 10 വരെയാണ് നിയന്ത്രണങ്ങളെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. രാജേശ്വരി പറഞ്ഞു.

അവിനാശിയിൽനിന്ന് ദേശീയപാത-381 വഴി തിരുപ്പൂരിലേക്കു വരുന്ന വാഹനങ്ങൾ തിരുമുരുകൻപൂണ്ടിയിൽനിന്ന് തിരിഞ്ഞ്‌ റിങ്‌റോഡിലൂടെ നേരുപരിച്ചൽ, കൂലിപാളയം വഴി പോകണം. അവിനാശി ഭാഗത്തുനിന്ന് തിരുപ്പൂർ പുതിയ ബസ് നിലയത്തിലേക്കു വരുന്ന ബസുകൾ 60 അടി റോഡിൽ യാത്രക്കാരെ ഇറക്കി പുഷ്പ തിയേറ്റർ വഴി മടങ്ങണം.

പെരുമാനലൂർ ഭാഗത്തുനിന്ന്‌ തിരുപ്പൂർ നഗരത്തിലേക്കു വരുന്ന ചെറിയ വണ്ടികൾ പുതിയ ബസ് നിലയം ഭാഗത്തേക്കു പോകാതെ പൂളുവപട്ടിയിലിരുന്ന് തിരിഞ്ഞ്‌ പൂണ്ടി റിങ് റോഡ് വഴി യാത്രചെയ്യണം. ധാരാപുരത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മുത്തനംപാളയം വഴി പോകണം.

പല്ലടത്ത് വാഹനങ്ങൾ വീരപാണ്ടി-മംഗലം റോഡ് വഴി തിരിച്ചുവിടുന്നതായിരിക്കും.

ഉദുമൽപേട്ട, ഗുഡിമംഗലം, മഠത്തുകുളം ഭാഗങ്ങളിൽനിന്നുള്ള 325 ഗണേശവിഗ്രഹങ്ങൾ ചൊവാഴ്ചയും ബുധനാഴ്ചയുമായി അമരാവതി നദിയിൽ നിമജ്ജനംചെയ്തു.