ധാരാപുരം ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ ഡി.എം.കെ.

കോയമ്പത്തൂർ : ധാരാപുരം ഉപതിരഞ്ഞെടുപ്പിന് പ്രചാരണം ശക്തമാക്കി പാർട്ടികൾ. ഡി.എം.കെ. സ്ഥാനാർഥി അഡ്വ. എസ്. സുകന്യ കഴിഞ്ഞദിവസം നാമനിർദേശപത്രിക നൽകിയതോടെ മണ്ഡലത്തിലുടനീളം വോട്ടഭ്യർഥനയും പ്രചാരണയോഗങ്ങളും സജീവമായി.
മൻമന്ത്രി എം.പി. സാമിനാഥന്റെ നേതൃത്വത്തിലാണ് പ്രചാരണം. മുൻമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി ഉൾപ്പെടെയുള്ള നേതാക്കളെല്ലാം ധാരാപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡി.എം.കെ.യെ സംബന്ധിച്ച് ഉപതരിഞ്ഞെടുപ്പ് നിർണായകമാണ്.
ഇടതുപാർട്ടികളും വൈക്കോയുടെ എം.ഡി.എം.കെ.യും തിരുമാവളവന്റെ വി.സി.കെ.യും മുസ്‌ലിം ലീഗും മുന്നണിയിൽനിന്ന് വിട്ടുപോയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഡി.എം.കെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഡി.എം.കെ. സ്ഥാനാർഥി ടി. ഇന്ദിരാണിക്ക് 64,373 വോട്ട് ലഭിച്ചിരുന്നു. അണ്ണാ ഡി.എം.കെ.യിലായിരുന്ന പി. സത്യഭാമ ഇന്ദിരാണിയെ 16,727 വോട്ടിന് തോൽപിച്ചാണ് എം.എൽ.എ. ആയത്. എന്നാൽ ഇടതുപാർട്ടികളും മുസ്‌ലിംലീഗും എം.ഡി.എം.കെ.യുമെല്ലാം വിട്ടുപോയതോടെ ഡി.എം.കെ. കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ തവണ കിട്ടിയ വോട്ട് നിലനിർത്തണമെങ്കിൽപ്പോലും ഡി.എം.കെ.യ്ക്ക് വലിയ രീതിയിലുള്ള പ്രചാരണം നടത്തേണ്ടിവരും.
ധാരാപുരം മണ്ഡലം പരമ്പരാഗതമായി ദ്രാവിഡ പാർട്ടികൾക്ക് വലിയ സ്വാധീനമുള്ള സ്ഥലമാണ്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ 1971 മുതൽ ഇതുവരെ അഞ്ചുതവണ ഇവിടെ ഡി.എം.കെ, വിജയിച്ചിരുന്നു. 2021-ൽ ഡി.എം.കെ.യ്ക്ക് സംസ്ഥാനഭരണം കിട്ടയപ്പോൾ ധാരാപുരത്തും ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ. നേതൃത്വം. സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഡി.എം.കെ. വിജയിക്കുന്നതെന്ന ആക്ഷേപം അവസാനിപ്പിക്കാനും ഡി.എം.കെ.യ്ക്ക് വിജയം അനിവാര്യമാണ്. പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെല്ലാം ധാരാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് പറയുന്നത്.