കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സിങ്കാനല്ലൂർ കർഷകച്ചന്തയിൽ സമരം

കോയമ്പത്തൂർ : സിങ്കാനല്ലൂർ കർഷകച്ചന്തയ്ക്ക് മുൻപിലെ കൈയേറ്റമൊഴിപ്പിക്കാനാവശ്യപ്പെട്ട് കർഷകരുടെ പ്രതിഷേധം. നിരവധിതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെത്തുടർന്നാണ് കർഷകർ ചന്തയ്ക്കുമുൻപിൽ കുത്തിയിരുന്ന് സമരംനടത്തിയത്.

ട്രിച്ചിറോഡിലെ കർഷകച്ചന്തയിൽ 150 ഷോപ്പുണ്ട്. കോയമ്പത്തൂരിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കർഷകരാണ് അവരുടെ ഉത്പന്നങ്ങൾ ഇവിടെ വിൽക്കുന്നത്.

ചന്തയ്ക്കുമുൻപിലെ നിരത്തുകളിൽ പുറത്തുനിന്നുള്ള കച്ചവടക്കാർ പച്ചക്കറി വിൽക്കുന്നത് പതിവാണ്. ഇത് ചന്തയിലെ കച്ചവടത്തെ ബാധിച്ചതോടെ കർഷകർ കൃഷിവകുപ്പിനും സിങ്കാനല്ലൂർ പോലീസിനും പരാതി നൽകിയിരുന്നു. എന്നാൽ കൈയേറ്റംചെയ്തുള്ള കച്ചവടം പൂർണമായും ഒഴിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് കഴിഞ്ഞദിവസം കർഷകർ, ചന്തയ്ക്കുമുന്നിൽ പച്ചക്കറിപ്പെട്ടികൾവെച്ച് സമരം തുടങ്ങിയത്. ചന്തയുടെ ചുമതലയുള്ള കൃഷി ഓഫീസർ പ്രവീണ, സിങ്കാനല്ലൂർ പോലീസ് ഇൻസ്‌പെക്ടർ അർജുൻകുമാർ എന്നിവർ സ്ഥലത്തെത്തി സമരംചെയ്യുന്ന കർഷകരുമായി ചർച്ചനടത്തി. ചന്തയിൽ നിന്ന് 100 മീറ്റർമാറി മാത്രമേ പച്ചക്കറിക്കച്ചവടം അനുവദിക്കാവൂ എന്ന കർഷകരുടെ ആവശ്യം അംഗീകരിച്ചു.

ചന്തയ്ക്ക് സമീപമുണ്ടായിരുന്ന കടകൾ കോർപറേഷൻ അധികൃതരെത്തി 100 മീറ്റർ അകലേക്ക് മാറ്റുകയും ചെയ്തു. ചന്തയ്ക്കുമുന്നിൽ കച്ചവടം ചെയ്താൽ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകി.