ഹോട്ടലിലേക്ക് കാട്ടുപന്നി ഇടിച്ചുകയറി

അരലക്ഷത്തോളം രൂപയുടെ നാശം
വലിയ ഗ്ലാസുകൾ തകർന്നു
കൊല്ലങ്കോട് : കൊല്ലങ്കോട് പട്ടണത്തിലെ തിരക്കേറിയ ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിനുള്ളിലേക്ക് കാട്ടുപന്നി ഇടിച്ചുകയറിയത് ഏറെനേരം പരിഭ്രാന്തിക്ക് കാരണമായി. പൊള്ളാച്ചി റോഡിൽ ട്രഷറി കവലയ്ക്ക് സമീപമുള്ള 'ഇഡ്ഡലി രാമൻ' എന്ന ഹോട്ടൽ മുറിക്കുള്ളിലേക്കാണ് ബുധനാഴ്ച വൈകീട്ട് ഒൻപതോടെ കാട്ടുപന്നി ഇടിച്ചുകയറിയത്. കടയുടെ മുൻവശത്ത് സ്ഥാപിച്ചിരുന്ന രണ്ടു വലിയ ഗ്ലാസുകൾ ഇടിച്ചു തകർത്താണ് പന്നി ഉള്ളിലേക്ക് കയറിയിട്ടുള്ളത്.
അകത്ത് പണിയെടുത്തിരുന്ന ജീവനക്കാർ അടുക്കളയിലേക്ക് ഓടിമാറി വാതിൽ അടച്ചതിനാൽ രക്ഷപ്പെട്ടു. കുറച്ചുനേരം മുറിക്കകത്ത് ചുറ്റിനടന്ന പന്നി കടയുടെ മുൻവശത്തുകൂടെ പുറത്തേക്കു പോകുകയും ചെയ്തു. പന്നി പുറത്തുപോയി എന്ന് ഉറപ്പാക്കിയശേഷമാണ് അടുക്കളയിലെ ജീവനക്കാർ പുറത്തേക്ക് വന്നത്.
ഹോട്ടലിനുള്ളിലെ മറ്റു സാധനങ്ങൾക്കൊന്നും കാര്യമായ നാശം ഉണ്ടായിട്ടില്ലെന്നും ഷോ ഗ്ലാസുകൾ തകർന്ന വകയിൽ അരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ടെന്നും സ്ഥാപനമുടമ ആലമ്പള്ളത്തെ ബിജു മേനോൻ പറഞ്ഞു. വനംവകുപ്പിന് പരാതിയും നൽകിയിട്ടുണ്ട്.
ഇതിനിടെ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ നാട്ടിൻപുറങ്ങളിൽ കാട്ടുപന്നികൾ മൂലമുള്ള അപകടങ്ങളും കൃഷിനാശവും നിത്യസംഭവമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. സന്ധ്യ കഴിഞ്ഞാൽ ഇരുചക്രവാഹന യാത്രക്കാരാണ് പലയിടത്തും കാട്ടുപന്നികൾ കുറുകെ ചാടുന്നതുമൂലം അപകടത്തിൽപ്പെടുന്നത്. പല്ലശ്ശന, പല്ലാവൂർ, കാക്കയൂർ പ്രദേശങ്ങളിൽ മുള്ളൻപന്നികളും ഭീഷണിയാകുന്നുണ്ട്.