കെട്ടിടം പൂർത്തിയായിട്ട് ഒൻപതുവർഷം, പൂട്ടിയിട്ട് നശിപ്പിക്കരുത്...

മനിശ്ശീരിയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ കെട്ടിടം
വാണിയംകുളം : മനിശ്ശീരിയിൽ നിർമാണം പൂർത്തിയായി ഒൻപതുവർഷം കഴിഞ്ഞ സർക്കാർ ക്കെട്ടിടം ഉദ്ഘാടനംപോലും ചെയ്യാതെ നശിക്കുന്നു. 2.85 കോടി രൂപ ചെലവഴിച്ച് നിർമിച്ച പട്ടികജാതിവികസന വകുപ്പിനുകീഴിലുള്ള കെട്ടിടമാണ് ഉപയോഗിക്കാതെ നശിക്കുന്നത്.
കെട്ടിടത്തിലെ പൈപ്പുകളും ഇലക്ട്രിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ കേടുപാടുവന്ന നിലയിലാണ്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ പട്ടികജാതിവികസന ഓഫീസിന്റെ കീഴിലുള്ള കെട്ടിടമാണിത്. മനിശ്ശീരിയിലുള്ള സ്ഥലത്ത് നിർമിച്ച ആൺ കുട്ടികൾക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലാണ് നശിക്കുന്നത്. എസ്.സി. വിഭാഗത്തിലെ വിദ്യാർഥികൾക്ക് പ്ലസ് വൺ, ഡിഗ്രി, പി.ജി. ഉൾപ്പെടെ ഉപരിപഠനം നടത്തുന്നതിനായി സൗകര്യം ഒരുക്കുന്നതിനാണ് കെട്ടിടം നിർമിച്ചത്. സൗജന്യഭക്ഷണം, താമസം, പഠനസൗകര്യങ്ങൾ എന്നിവ നൽകുന്നതിനായി കെട്ടിടത്തിൽ എല്ലാവിധ സൗകര്യവും ഒരുക്കിയിരുന്നു.
എന്നാൽ, നിർമാണം പൂർത്തിയായി ഒൻപതുവർഷം പിന്നിട്ടിട്ടും കെട്ടിടം ഉദ്ഘാടനം ചെയ്യുകയോ പ്രവർത്തനക്ഷമമാക്കുകയോ ചെയ്‌തിട്ടില്ല.
മനിശ്ശീരിയിലുള്ള പട്ടികജാതിവകുപ്പിന്റെ രണ്ടേക്കറിലേറെ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. നേരത്തെ പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം 2010-ൽ ഉദ്ഘാടനംചെയ്ത് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഈ കെട്ടിടത്തിന് തൊട്ടടുത്തായാണ് പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് അന്നത്തെ പട്ടികജാതി പിന്നാക്കക്ഷേമ മന്ത്രിയായ എ.പി. അനിൽകുമാർ കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന്, പൊതുമരാമത്ത് കെട്ടിടവിഭാഗം 2017-ൽ ഡിസംബറിൽ പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു.
പിന്നീട് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയില്ല. പണി പൂർത്തിയാക്കിയ കെട്ടിടമായതിനാൽ കോവിഡ് കാലത്ത് പഞ്ചായത്തിന്റെ കോവിഡ് സെന്ററായി ഉപയോഗിക്കയും ചെയ്തിരുന്നു. 30 വിദ്യാർഥികളെ താമസിപ്പിക്കുന്നതിനായി 15 മുറികളാണ് കെട്ടിടത്തിലുള്ളത്. ഓഫീസ് മുറികളും ഡൈനിങ് ഹാളും ഉൾപ്പെടെ സൗകര്യങ്ങളുള്ള കെട്ടിടമാണ് ഉപയോഗിക്കാതെ നശിക്കുന്നത്.
കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നതോടെ വൈദ്യുതി ബിൽ കുടിശ്ശിക വന്നു. ഇതേത്തുടർന്ന് കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. നിലവിൽ ഹൈസ്കൂൾവരെയുള്ള ആൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. 24 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. നിലവിൽ ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ മേൽനോട്ടത്തിലാണ് ഓഫീസിന്റെ പ്രവർത്തനം.