പാലക്കയം വാക്കോടനിൽ ആടിനെ പുലി കടിച്ചുകൊന്നു

തച്ചമ്പാറ :പാലക്കയം വാക്കോടനിൽ വീണ്ടും പുലിയുടെ ആക്രമണം. വാക്കോടൻ അക്കമറ്റത്ത് ജോയലിന്റെ ആടിനെ പുലി കടിച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. കൂടിനകത്ത് കെട്ടിയിട്ടിരുന്ന ആടുകളിലൊന്നിനെയാണ് കൊന്നത്. ബഹളംകേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ പുലി അടുത്തുള്ള പാറപ്പുറത്തേക്ക് ഓടിമറയുകയായിരുന്നു. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഫെബ്രുവരി 23-ന് ഇതേ വീട്ടിലെ ആറ് ആടുകളെ കൊല്ലുകയും ഒന്നിനെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു. പാലക്കയം നിരവിനു സമീപം റോഡിനു വശത്തായി രണ്ടു പുലിക്കുട്ടികളെ യാത്രക്കാർ കണ്ടതായി പറയുന്നുണ്ട്. സമീപത്തുള്ള വീട്ടിലെ വളർത്തുനായ ബഹളംവെച്ചതിനെത്തുടർന്ന് പുറത്തിറങ്ങിയവരും പുലിയെ കണ്ടിരുന്നു.

പാലക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ കൂട്, ക്യാമറ എന്നിവ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി. ഏഴുമാസംമുൻപ്‌ ഈ പ്രദേശത്ത് കൂടുവെച്ച് പുലിയെ പിടിക്കുകയും ശിരുവാണി ഉൾക്കാട്ടിൽ തുറന്നുവിടുകയും ചെയ്തിരുന്നു. പിന്നീട് കൂട് മാസങ്ങളോളം കാടിനു സമീപം സ്വകാര്യതോട്ടത്തിൽ സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. അതിനാൽ, മറ്റൊരു സ്ഥലത്തേക്ക് കൂട് മാറ്റിവെച്ചെങ്കിലും പുലി പെട്ടിരുന്നില്ല.

ഇപ്പോൾ ആടിനെ കടിച്ചുകൊന്നതോടെ ആളുകൾ വീണ്ടും ഭീതിയിലായിരിക്കുകയാണ്. രാത്രി റോഡിലൂടെ ഇരുചക്രവാഹനത്തിൽ യാത്രചെയ്യാനും ആളുകൾ ഭയക്കുന്നുണ്ട്.