തകർന്ന റോഡാണ്... ശ്രദ്ധതെറ്റിയാൽ തെന്നിവീഴും

പാലക്കാട് : പച്ചവിരിച്ച പാടങ്ങൾക്കിടയിലൂടെ അമ്പലപ്പറമ്പ്-അയലോടി റോഡിലൂടെ യാത്രചെയ്യുമ്പോൾ നോട്ടം റോഡിൽനിന്നു മാറരുത്. ശ്രദ്ധയൊന്നുമാറിയാൽ തകർന്ന റോഡിൽ തെന്നിവീഴുമെന്ന് ഉറപ്പാണ്.

റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. കോൺക്രീറ്റ് തകർന്ന് കല്ലുകൾ മാത്രമല്ല, കമ്പികളും പുറത്തുകാണാം. ഈ വഴിയിലൂടെ നടക്കാൻപോലും പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. അമ്പലപ്പറമ്പിൽ എഴുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെയുള്ളവർക്ക് വീട്ടിലേയ്ക്കുള്ള പച്ചക്കറി വാങ്ങാൻപോലും ഈ റോഡ് കടന്നുവേണം പോകാൻ.

റോഡിന്റെ ശോച്യാവസ്ഥകാരണം ആശുപത്രി ആവശ്യങ്ങൾക്ക് ഓട്ടോറിക്ഷ വിളിച്ചാൽപോലും വരാറില്ലെന്ന് നാട്ടുകാരനായ എം. ശിവകുമാർ പറയുന്നു. സ്കൂൾ ബസുകൾ ഉൾപ്പെടെ ഇതുവഴി പോകുന്നുണ്ട്.

പ്രദേശത്തെ അങ്കണവാടിയിലേക്ക്‌ കുട്ടികളുമായി വരുന്ന മാതാപിതാക്കൾ തെന്നിവീഴുമെന്ന ഭയത്തിലാണ് ഇതുവഴി യാത്രചെയ്യുന്നത്. റോഡിൽ തെന്നിവീഴാതെ പ്രധാന റോഡിലെത്തുന്നത് വലിയ കടമ്പയാണ്. റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അമ്പലപ്പറമ്പ്-അയലോടി റോഡ് നന്നാക്കാൻ മുൻ ഭരണസമിതി പദ്ധതിയിട്ടിരുന്നെങ്കിലും ഫണ്ട് ലഭിച്ചില്ല. നിലവിൽ രമേഷ് പിഷാരടി എം.എൽ.എ.യോട് റോഡ് നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിരായിരി പഞ്ചായത്തംഗം എൻ. സരിത പറഞ്ഞു.