പോത്തനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 500 കിലോ റേഷനരി പിടികൂടി

കോയമ്പത്തൂർ : പോത്തനൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ്. നടത്തിയ പരിശോധനയിൽ കേരളത്തിലേക്ക് കടത്താനിരുന്ന 500 കിലോഗ്രാം റേഷനരി പിടികൂടി.
ബുധനാഴ്ച രാവിലെ ഏഴരമുതൽ പത്തരവരെ എസ്.ഐ. പി. മണികണ്ഠന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിവിധ തീവണ്ടികളിൽ 35 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അരിയാണ് പിടിച്ചത്. തീവണ്ടികളിലെ ജനറൽ കോച്ചുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. ഉടമസ്ഥരെ കണ്ടെത്താൻ കഴിഞ്ഞില്ല. റേഷൻകടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന അരി തീവണ്ടിയിൽ പാലക്കാട് അതിർത്തിയിൽ എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. പിടികൂടിയ അരി കോയമ്പത്തൂർ സിവിൽ സപ്ലൈസ് ഫ്ലയിങ് തഹസിൽദാർക്ക് കൈമാറി.