ഹൃദ്യം മെഡിക്കൽ ക്യാമ്പ്: അറുപതോളം കുട്ടികളെ പരിശോധിച്ചു

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതിയുടെ ഭാഗമായി സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി. രമേഷ് പിഷാരടി എം.എൽ.എ.യും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് ക്യാമ്പ് നടത്തിയത്. പ്രൗഡ് പാലക്കാടിന്റെ സഹകരണത്തോടെ കാണിക്കമാത സ്കൂളിൽ വെച്ചായിരുന്നു ക്യാമ്പ്.
പാലക്കാട് നഗരസഭയിലെയും കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപ്പഞ്ചായത്തുകളിലെയും താമസക്കാരായ 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പദ്ധതിയിലൂടെ സേവനം ലഭിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്തതനുസരിച്ച് ക്യാമ്പിലെത്തിയ അറുപതോളം കുട്ടികളെ ആലുവ രാജഗിരി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ആശുപത്രിയുടെ പ്രത്യേക മൊബൈൽ മെഡിക്കൽ യൂണിറ്റും ക്യാമ്പിൽ സജ്ജീകരിച്ചിരുന്നു.
എക്കോ കാർഡിയോഗ്രാം പരിശോധനാ സൗകര്യവും ക്യാമ്പിലുണ്ടായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. ജനീൽ, ഡോ. വെങ്കിടേശ്വരൻ, ഡോ. സജിത്ത്, ഡോ. വിഷ്ണു, ഡോ. ആഗ്നസ് എന്നിവരാണ് കുട്ടികളെ പരിശോധിച്ചത്.
മാത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. അബ്ദുൾ ഖാദർ, കാണിക്കമാത സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിർമൽ, പ്രൗഡ് പാലക്കാട് ചെയർമാനായ നിഖിൽ കൊടിയത്തൂർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഐ.യു.എം.എൽ. സീനിയർ വൈസ് പ്രസിഡന്റ് എം.എം. ഹമീദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് എന്നിവർ സംസാരിച്ചു.
Content Highlights: Around 60 children were examined at the Hrithyam free cardiac medical camp organized in Palakkad by Care and Share Foundation and Rajagiri Hospital.