ഈസ്റ്റ് ഒറ്റപ്പാലത്ത് കുടിവെള്ളാമെത്താത്തതിനു കാരണം ഭൂമിക്കടിയിൽ പൈപ്പ് പൊട്ടിയത്

ഈസ്റ്റ് ഒറ്റപ്പാലത്ത് ജുമാമസ്ജിദിന് സമീപം പൈപ്പ് പൊട്ടിയ ഭാഗത്തെ കേബിളുകൾ
ഈസ്റ്റ് ഒറ്റപ്പാലത്ത് ജുമാമസ്ജിദിന് സമീപം പൈപ്പ് പൊട്ടിയ ഭാഗത്തെ കേബിളുകൾ

ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലത്ത് കുടിവെള്ളമെത്താത്തതിനുകാരണം 20 ദിവസത്തിനുശേഷം കണ്ടെത്തി. ഈസ്റ്റ് ഒറ്റപ്പാലം ജുമാമസ്ജിദിനുസമീപം ഭൂമിക്കടിയിൽ പൈപ്പ് പൊട്ടി അഴുക്കുചാലിലൂടെ വെള്ളം പാഴാവുന്നതാണ് പ്രശ്നമായത്. ഇതുമൂലം കോലോത്ത്കുന്ന്, ഈസ്റ്റ് ഒറ്റപ്പാലം വാർഡുകളിലെ 500-ലേറെ കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്.

നടപ്പാതയിൽ സ്ലാബ് ഇട്ടിരുന്നതിനാൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞദിവസം വലിയരീതിയിൽ വെള്ളം പാഴാകുന്നതിന്റെ ശബ്ദം കേട്ടതോടെയാണ് ഈ ഭാഗത്ത് പരിശോധന നടത്തിയത്. വെള്ളം പാഴായിപ്പോകുന്നത് ബി.എസ്.എൻ.എൽ. കേബിൾ സ്ഥാപിച്ച ഭാഗത്താണ്. ജനപ്രതിനിധികൾ ബി.എസ്.എൻ.എൽ. ഓഫീസിലെ ഉദ്യോഗസ്ഥരെ സമീപിച്ച് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതോടെ തൊഴിലാളികളെത്തി കേബിൾ മാറ്റാൻ തുടങ്ങി. ഇതു കഴിയുന്നതോടെ പൈപ്പ് തകരാർ പരിഹരിച്ച് വെള്ളം വിതരണം തുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു.

കയറമ്പാറയിലെ ജലസംഭരണിയിൽ നിന്നാണ് ഈസ്റ്റ് ഒറ്റപ്പാലം മേഖലയിലേക്ക് വെള്ളം എത്തിയിരുന്നത്. വിതരണലൈനിലുണ്ടായ പൊട്ടൽ കാരണം ജലവിതരണം നിലയ്ക്കുകയായിരുന്നു. വിതരണലൈനുകളിൽ എല്ലായിടത്തും പരിശോധന നടത്തിയെങ്കിലും പ്രശ്നം കണ്ടെത്താനായിരുന്നില്ല. തുടർന്ന് പള്ളം, പാലപ്പുറം മേഖലകളിലെ ജലവിതരണത്തിനുശേഷം എല്ലാ വാൽവുകളും അടച്ച് ഈസ്റ്റ് ഒറ്റപ്പാലം ഭാഗത്തേക്ക് വിതരണം നടത്തി. ഈ ഭാഗത്തേക്ക് വെള്ളമെത്താതായതോടെ ഇവിടെ കൂടുതൽ പരിശോധന നടത്തി.

വേനലിൽ ഉൾപ്പെടെ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നപ്രദേശമാണിത്. കിഴക്കേ തോട്ടിലെ കിണറിനെയും ടാങ്കറിൽ വെള്ളം എത്തിച്ചുമൊക്കെയാണ് വേനൽ കടന്നത്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ഇവിടെ ഏറെയും.

Content Highlights: Authorities have located the pipe burst in East Ottapalam after 20 days and initiated repair works to restore the disrupted drinking water supply.