അലനല്ലൂർ കണ്ണംകുണ്ട് പാലം ദർഘാസ് നടപടി പൂർത്തിയായി

അലനല്ലൂർ: കണ്ണംകുണ്ട് പാലത്തിന്റെ നിർമാണത്തിനായുള്ള ദർഘാസ് നടപടികൾ പൂർത്തിയായി. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൻ ബി കൺസ്ട്രക്ഷൻസ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന്റെയും അനുബന്ധ റോഡിന്റെയും പണി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും.
നിലവിലുള്ള പാലത്തിനോട് ചേർന്നാണ് പുതിയ പാലം പണിയുക. സ്ഥലമേറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. പുതിയ പാലം പൂർത്തിയാകുന്നത് വരെ പഴയ പാലം വഴിയായിരിക്കും ഗതാഗതം. പാലത്തിന്റെ പ്രവർത്തനങ്ങൾ ഈ മാസംതന്നെ ആരംഭിക്കുന്നതിന് നടപടികൾ വേഗത്തിലാക്കാൻ മന്ത്രിമാരായ എൻ. ഷംസുദ്ദീനും പി.കെ. ബഷീറും ചേർന്ന് നേരത്തെ നടത്തിയ ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ദർഘാസ് നടപടികൾ പൂർത്തീകരിച്ച് നിർമാണ കരാർ നൽകിയത്.
കണ്ണംകുണ്ട് പാലത്തിന്റെ നിർമാണത്തിനായി 14.14 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. പദ്ധതിയുടെ അടങ്കൽ സാങ്കേതിക അനുമതിക്കായി സമർപ്പിക്കുകയും സ്ഥലമേറ്റെടുപ്പിനായി 1.18 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.
പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നതിനൊപ്പം മണ്ണാർക്കാട് മേഖലയിലെ ഗതാഗത സൗകര്യങ്ങൾക്കും വികസന മുന്നേറ്റത്തിനും വലിയ പിന്തുണയാകും.
നിർമാണം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടികൾ വേഗത്തിലാക്കാൻ മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി.
Content Highlights: Tender procedures for the construction of the new Kannamkundu bridge in Alanallur have been completed, with work expected to finish within a year.