ഹമാസ് തലവന്‍ സിന്‍വാര്‍ ജീവനോടെയുണ്ടെന്ന് സൂചന; 'ഓക്ടോബര്‍ 7 ആക്രമണത്തില്‍ പശ്ചാത്താപമില്ല'

ടെല്‍ അവീവ്: ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ജീവിച്ചിരിപ്പുണ്ടെന്നന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹം പലരുമായും ബന്ധപ്പെട്ടിരുന്നതായി
വാര്‍ത്താ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 21-ന് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്.
ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിനുശേഷം സിന്‍വറെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇറാനില്‍ നടന്ന സ്ഫോടനത്തില്‍ മുന്‍ ഹമാസ് മേധാവി ഇസ്മായേല്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യഹിയ പുതിയ മേധാവിയായി ചുമതലയേറ്റത്.
അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തില്‍ തെല്ലും പശ്ചാത്താപമില്ലെന്ന് യഹിയ പറഞ്ഞതായി വെള്ളിയാഴ്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് തന്നെ കാണാന്‍ എത്തിയവരോടാണ് യഹിയ തന്റെ നിലപാട് അറിയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹിയ ആയിരുന്നു.
സായുധ ആക്രമണത്തിലൂടെ മാത്രമേ പലസ്തീന് എന്ന സ്വതന്ത്രരാഷ്ട്രം സാധ്യമാകൂ എന്നാണ് 62-കാരനായ യഹിയയുടെ കാഴ്ചപ്പാട് എന്നും അദ്ദേഹത്തെ കണ്ടു എന്ന് വെളിപ്പെടുത്തിയവര്‍ പറയുന്നു. നാല് പലസ്തീന് ഉദ്യോഗസ്ഥരും രണ്ട് മിഡില്‍ ഈസ്റ്റ് ഔദ്യോഗിക വക്താക്കളുമാണ് യഹിയയെ കണ്ടതായും ഇക്കാര്യങ്ങള്‍ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോവും ഹമാസിന്റെ അവസാന വാക്ക് യഹിയ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ട്.
Content Highlights: yahya sinwar is alive no regret in october 7 attack says reports