ഇരട്ടഗര്‍ഭപാത്രമുള്ള യുവതിയുടെ ഉദരത്തില്‍ ഒരേസമയം രണ്ട് കുഞ്ഞുങ്ങള്‍; ജനനം ക്രിസ്മസ് ദിനത്തില്‍

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

വാഷിങ്ടണ്‍: ജന്മനാ രണ്ട് ഗര്‍ഭപാത്രമുള്ള യുവതിയ്ക്ക് ഒരേസമയം രണ്ട് ഗര്‍ഭം. യുഎസ് സ്റ്റേറ്റായ അലബാമ സ്വദേശിനിയായ കെല്‍സി ഹാച്ചറും ഭര്‍ത്താവ് കാലബുമാണ് ഇരട്ടസൗഭാഗ്യത്തിനുടമകള്‍. വരുന്ന ക്രിസ്മസ് ദിനത്തില്‍ ഇവര്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കുകൂടി മാതാപിതാക്കളാകും. ഇവര്‍ക്ക് 7,4,2 പ്രായത്തിലുള്ള മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. 

താന്‍ ഒരിക്കല്‍കൂടി ഗര്‍ഭിണിയായെന്നും തന്റെ ഉദരത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടെന്നും അറിയിച്ചപ്പോള്‍ നുണ പറയുകയാണെന്നായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണമെന്ന് കെല്‍സി WVTM 13 നോട് പറഞ്ഞു. 

വ്യത്യസ്ത ഗര്‍ഭാശയമുഖങ്ങളോടുകൂടിയ രണ്ട് ഗര്‍ഭപാത്രങ്ങള്‍ തനിക്കുണ്ടെന്ന കാര്യം കെല്‍സിയ്ക്ക് നേരത്തെ അറിയാവുന്നതാണ്. അതിനാല്‍ത്തന്നെ ഓരോ ഗര്‍ഭകാലവും വെല്ലുവിളി നിറഞ്ഞതായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് കെല്‍സിയുടെ ഇരട്ടഗര്‍ഭത്തെ ഡോക്ടര്‍ ശ്വേത പട്ടേല്‍ വിശേഷിപ്പിക്കുന്നത്. സാധാരണയായി പ്രസവചികിത്സകര്‍ക്കും സ്ത്രീരോഗവിദഗ്ധര്‍ക്കും തങ്ങളുടെ പ്രവര്‍ത്തനകാലത്ത് ഒരിക്കല്‍പ്പോലും രണ്ട് ഗര്‍ഭപാത്രമുള്ള സ്ത്രീകളെ കണ്ടുമുട്ടാന്‍ സാധിക്കാറില്ലെന്നും ഡോ. ശ്വേത പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ചില സ്ത്രീകളില്‍ ഉണ്ടായേക്കാവുന്ന തികച്ചും അപൂര്‍വമായ അവസ്ഥയാണ് രണ്ട് ഗര്‍ഭപാത്രമെന്ന് മായോ ക്ലിനിക് വിശദീകരിക്കുന്നു. പെണ്‍ഭ്രൂണം വളര്‍ച്ച പ്രാപിക്കുന്ന ഘട്ടത്തില്‍ത്തന്നെ ഗര്‍ഭപാത്രം രണ്ട് ചെറിയകുഴലുകളായി രൂപാന്തരപ്പെടുകയും ഭ്രൂണം വളരുന്നതനുസരിച്ച് കുഴലുകള്‍ കൂടിച്ചേര്‍ന്ന് വളരുകയും ചെയ്യും. ഇതാണ് പിന്നീടവരുടെ ഗര്‍ഭപാത്രമാകുന്നത്. ചിലയവസരങ്ങളില്‍ ഈ കുഴലുകള്‍ പൂര്‍ണമായും കൂടിച്ചേരാതെ വ്യത്യസ്ത അവയവങ്ങളായി വികാസം പ്രാപിക്കും. ഈ ഗര്‍ഭപാത്രങ്ങള്‍ക്ക് യോനിയിലേക്ക് ഒരു ഗര്‍ഭാശയമുഖമാകും പലപ്പോഴും ഉണ്ടാകുക. ചിലപ്പോള്‍ രണ്ട് ഗര്‍ഭാശയങ്ങള്‍ക്കും വ്യത്യസ്ത ഗര്‍ഭാശയമുഖങ്ങള്‍ കാണപ്പെടുന്നു.

ഇരട്ടഗര്‍ഭാശയമുള്ള സ്ത്രീകളില്‍ പലപ്പോഴും ഗര്‍ഭകാലം വിജയകരമായി പൂര്‍ത്തിയാകുകയും പ്രസവം നടക്കുകയും ചെയ്യും. എന്നാല്‍ അപൂര്‍വസന്ദര്‍ഭങ്ങളില്‍ ഗര്‍ഭമലസുകയോ മാസം തികയാതെയുള്ള പ്രസവം നടക്കുകയോ ചെയ്യാറുണ്ട്. ആയിരം സ്ത്രീകളില്‍ മൂന്ന് എന്ന നിലയിലാണ് ഇരട്ട ഗര്‍ഭപാത്രം കണ്ടുവരുന്നതെന്ന് ഡോ. റിച്ചാര്‍ഡ് ഡേവിസ് പറയുന്നു. ഹൈ റിസ്‌ക് പ്രഗ്നന്‍സീസില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ചികിത്സകനാണ് ഡോ. റിച്ചാര്‍ഡ് ഡേവിസ്. കെല്‍സിയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും പ്രസവസമയത്ത് രണ്ട് ഗര്‍ഭപാത്രങ്ങളുടേയും വികാസവും സങ്കോചവും ഒരേ തരത്തിലാണോ, പ്രസവം ഒരേ രീതിയിലാണോ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെല്‍സിയ്ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഇരട്ടകളെന്ന് വിളിക്കാനാണ് ചികിത്സാസംഘം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


 

Content Highlights: Woman With 2 Uteruses Pregnant In Both Doctors Call It Very Very Rare