നഷ്ടക്കച്ചവടം ഇറ്റലിക്ക് മടുത്തു; ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍നിന്ന് പിന്മാറുമോ?

വികസ്വര രാജ്യങ്ങളുമായി സാമ്പത്തികബന്ധം സ്ഥാപിക്കാന്‍ ചൈന കഴിഞ്ഞ ഒരു ദശാബ്ദമായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ.). ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ സ്വപ്‌ന പദ്ധതി. ഇതുവരെ 150-ല്‍ അധികം രാജ്യങ്ങളാണ് ബി.ആര്‍.ഐയുടെ ഭാഗമായത്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഗോള ജി.ഡി.പിയുടെ 40 ശതമാനവും വരുമിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ റോം സന്ദര്‍ശനവേളയില്‍ 2019-ലാണ് ഇറ്റലി ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമാകുന്നത്. അമേരിക്കയേയും മറ്റ് പാശ്ചാത്യരാജ്യങ്ങളേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആ തീരുമാനം. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ ചേരുന്ന ആദ്യത്തെ ജി ഏഴ് രാജ്യമായിരുന്നു ഇറ്റലി. ചൈനയെ സംബന്ധിച്ച് ഒരു പ്രധാന നയതന്ത്രമുന്നേറ്റമായിരുന്നു അത്. എന്നാല്‍ ഈ നീക്കം ഇറ്റലിക്കുള്ളിലും ജി ഏഴ് കൂട്ടായ്മയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. പിന്നാലെ കരാറില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ അമേരിക്കയില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും ശക്തമായ വിമര്‍ശനവും അവര്‍ നേരിട്ടു.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ഒരുങ്ങുകയാണ് ഇറ്റലി. ഔപചാരികമായി പിന്മാറാന്‍ മൂന്ന് മാസം മുമ്പ് അഭ്യര്‍ഥിച്ചില്ലെങ്കില്‍ കരാര്‍ 2024 മാര്‍ച്ചില്‍ തനിയെ പുതുക്കും. ഈ സാഹചര്യത്തിലാണ് ചൈനയുമായുള്ള കരാറില്‍നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോണി (Giorgia Meloni) പറഞ്ഞത്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ ചേര്‍ന്നത് ഒരു മോശം തീരുമാനമായിരുന്നുവെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗീഡോ ക്രൊസെത്തോ (Guido Crosetto)യും അഭിപ്രായപ്പെട്ടിരുന്നു. നാല് വര്‍ഷം മുമ്പ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നീക്കം കയറ്റുമതി വര്‍ധിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും അതേസമയം ഇറ്റലിയിലേക്കുള്ള ചൈനീസ് കയറ്റുമതി കുതിച്ചുയരുകയാണെന്നുമാണ് ഗീഡോ ക്രൊസെത്തോ ഒരു അഭിമുഖത്തില്‍ വിമര്‍ശിച്ചത്. ചൈനയുമായുള്ള ബന്ധം വഷളാകാതെതന്നെ എങ്ങനെ ഇതില്‍നിന്ന് പുറത്ത് കടക്കാമെന്നതാണ് ഇറ്റലിയെ വലയ്ക്കുന്ന പ്രശ്‌നം. പിന്നാലെ ചൈനയുടെ വക ഭീഷണിയുമെത്തി.ഒപ്പം ഇറ്റലിയെ അനുനയിപ്പിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തുകയും ചെയ്തു ചൈന. അതേസമയം തന്റെ ഭരണകാലത്തെ ഏറ്റവും വലിയ നയതന്ത്ര പരീക്ഷണം അഭിമുഖീകരിക്കുന്ന മെലോണിക്കാകട്ടെ വേഗത്തിലൊരു തീരുമാനം എടുക്കണം വേണം.
Content Highlights: Why Is Italy Withdrawing From China’s Belt and Road Initiative project?