ഈസ്റ്റർ ആഘോഷത്തിന് കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാരെ തേടി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഈസ്റ്റര്‍ ആഘോഷ പരിപാടിക്ക് കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാരെ തേടി വൈറ്റ് ഹൗസ്. ഹാര്‍ബിഞ്ചേഴ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴിയാണ് സ്‌പോണ്‍സര്‍മാരെ തിരയുന്നത്. അതേസമയം വൈറ്റ് ഹൗസിന്റെ പരിപാടി കോര്‍പ്പറേറ്റുകളെ കൊണ്ട് സ്‌പോണ്‍സര്‍ ചെയ്യിക്കാനുള്ള നീക്കത്തില്‍ പലരും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഓരോ വര്‍ഷത്തേയും ഈസ്റ്റര്‍ പരിപാടിക്ക് ലക്ഷക്കണക്കിന് ഡോളറാണ് വൈറ്റ് ഹൗസ് ചെലവഴിക്കാറ്.
'ഈസ്റ്റര്‍ എഗ് റോള്‍' എന്നറിയപ്പെടുന്ന ആഘോഷത്തിന് 75,000 ഡോളര്‍ മുതല്‍ രണ്ട് ലക്ഷം ഡോളര്‍ വരെയുള്ള സ്‌പോണ്‍സര്‍ഷിപ്പുകളാണ് വൈറ്റ് ഹൗസ് തേടുന്നത്. സ്‌പോണ്‍സര്‍മാരുടെ ബ്രാന്‍ഡിങ് ഉറപ്പുനല്‍കുന്നുവെന്നും വൈറ്റ് ഹൗസ് കോര്‍പ്പറേറ്റുകള്‍ക്ക് അയച്ച ഒമ്പതുപേജുള്ള രേഖയില്‍ പറയുന്നുവെന്ന് യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഈസ്റ്റര്‍ എഗ് റോള്‍
1878-ല്‍ യുഎസ്സിന്റെ 19-ാം പ്രസിഡന്റായിരുന്ന റഥര്‍ഫോര്‍ഡ് ബി. ഹെയ്‌സാണ് വൈറ്റ് ഹൗസില്‍ ഈസ്റ്റര്‍ എഗ് റോള്‍ എന്ന പരിപാടിക്ക് തുടക്കമിട്ടത്. എന്നാല്‍ എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായിരിക്കെ തന്നെ അനൗദ്യോഗികമായി 'മുട്ട ഉരുട്ടല്‍' പാര്‍ട്ടികള്‍ നടത്താറുണ്ടായിരുന്നുവെന്ന് വൈറ്റ് ഹൗസ് വെബ്‌സൈറ്റ് പറയുന്നു.
ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച യുഎസ് ക്യാപിറ്റോളിന് സമീപമുള്ള മൈതാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍ വലിയ ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ആഘോഷം മൈതാനം നശിപ്പിക്കുന്ന തരത്തില്‍ അനിയന്ത്രിതമായതോടെ 1877-ല്‍ മൈതാന സംരക്ഷണ നിയമം പാസാക്കിക്കൊണ്ട് മുട്ടയുരുട്ടല്‍ നിരോധിച്ചു. യുള്ളിസസ് എസ്. ഗ്രാന്റ് ആയിരുന്നു അന്ന് പ്രസിഡന്റ്.
പിന്നീട് 1878-ല്‍ ഒരുകൂട്ടം കുട്ടികള്‍ വൈറ്റ് ഹൗസിന്റെ ഗെയ്റ്റിന് മുന്നിലേക്ക് പോയി. മുട്ടയുരുട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍ പോയത്. ഇത് ശ്രദ്ധയില്‍ പെട്ട അന്നത്തെ പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി. ഹെയ്‌സ് അവരെ അകത്തേക്ക് കയറ്റിവിടാന്‍ സുരക്ഷാജീവനക്കാരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. അന്ന് മുതലാണ് എല്ലാ വര്‍ഷവും ഈസ്റ്ററിന് ശേഷമുള്ള തിങ്കളാഴ്ച വൈറ്റ് ഹൗസ് മൈതാനത്ത് എഗ് റോള്‍ ഔദ്യോഗികമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഈ ആഘോഷത്തിലേക്ക് ജനങ്ങള്‍ ഒഴുകിയതോടെ അതിഥികളുടെ എണ്ണം വൈറ്റ് ഹൗസ് നിയന്ത്രിച്ചു.
പരമ്പരാഗതമായി പ്രഥമവനിത അഥവാ പ്രസിഡന്റിന്റെ ജീവിതപങ്കാളിയാണ് ഈസ്റ്റര്‍ എഗ് റോള്‍ ആഘോഷം ആസൂത്രണം ചെയ്യാറ്. ഒന്നാം ലോകമഹായുദ്ധം കാരണം 1917 മുതല്‍ 1920 വരേയും രണ്ടാം ലോകമഹായുദ്ധം കാരണം 1943 മുതല്‍ 1945 വരേയും എഗ് റോള്‍ ആഘോഷം നടന്നിരുന്നില്ല. ഭക്ഷ്യവിഭവങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരിലും അപകടാവസ്ഥയിലായിരുന്ന വൈറ്റ് ഹൗസിന്റെ പുനര്‍നിര്‍മ്മാണം നടക്കുകയായിരുന്നതിനാലും 1946 മുതല്‍ 1952 വരേയും എഗ് റോളിങ്ങിന് നിരോധനമുണ്ടായി. പിന്നീട് 1953-ല്‍ പ്രസിഡന്റ് ഡൈ്വറ്റ് ഡി. ഐസനോവറാണ് വൈറ്റ് ഹൗസില്‍ ഈസ്റ്റര്‍ എഗ് റോളിങ് ആഘോഷം പുനഃസ്ഥാപിച്ചത്.
Content Highlights: White House seeks corporate sponsorships for Easter event