ഇന്ത്യക്കാര്‍ യുഎസ് കമ്പനികളെ ബഹിഷ്‌കരിച്ചാല്‍ എന്തുസംഭവിക്കും? ട്രംപിന് തുറന്ന കത്തുമായി എഎപി എംപി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കുമേല്‍ അന്‍പതുശതമാനം തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തുറന്ന കത്തുമായി ആംആദ്മിപാര്‍ട്ടി എംപിയും ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറുമായ അശോക് കുമാര്‍ മിത്തല്‍. 146 കോടി ഇന്ത്യക്കാര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ബഹിഷ്‌കരിച്ചാല്‍ എന്തുസംഭവിക്കും എന്ന ചോദ്യത്തോടെയാണ് അശോക് കുമാര്‍ മിത്തല്‍ കത്ത് എക്‌സില്‍ പങ്കുവെച്ചത്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് 25 ശതമാനംകൂടി അധിക തീരുവ ചുമത്തിയത് തീര്‍ത്തും നിരാശാജനകമാണെന്ന് അശോക് കുമാര്‍ വിശേഷിപ്പിച്ചു. ട്രംപ് ഡെഡ് ഇക്കോണമി എന്ന് പരാമര്‍ശിച്ച ഇതേരാജ്യം തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥയെന്നും ഉടന്‍തന്നെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കെത്തുമെന്നും അശോക് കുമാര്‍ പറഞ്ഞു.
വിദ്യാഭ്യാസം, സാമ്പത്തികം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍നിന്നായി ഇന്ത്യയില്‍നിന്ന് അമേരിക്കന്‍ കമ്പനികള്‍ പ്രതിവര്‍ഷം 80 ബില്ല്യണ്‍ ഡോളറാണ് സമ്പാദിക്കുന്നതെന്നും അശോക് കുമാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞവര്‍ഷം റഷ്യയുമായി 67.5 ബില്യണ്‍ യൂറോയുടെ വ്യാപാരമാണ് നടത്തിയത്. റഷ്യയില്‍നിന്ന് യുറേനിയം, പല്ലേഡിയം എന്നിവ ഇറക്കുമതിചെയ്യുന്ന അമേരിക്ക എന്ത് അടിസ്ഥാനത്തിലാണ് റഷ്യ പോലൊരു രാജ്യവുമായി ഇന്ത്യ വ്യാപാരബന്ധം അവസാനിപ്പിക്കണമെന്ന് പറയുന്നതെന്നും കത്തില്‍ അശോക് കുമാര്‍ ചോദിച്ചു.
1905-ല്‍ ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയില്‍ സ്വദേശി പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്. 146 കോടിവരുന്ന ഇന്ത്യക്കാര്‍ അതിനനുസൃതമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന്റെ ആഘാതം ഇന്ത്യയെ അപേക്ഷിച്ച് ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക അമേരിക്കയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വസുധൈവ കുടുംബകം എന്ന ആശയത്തോട് ഇന്ത്യ യോജിക്കുന്നതുകൊണ്ടാണ് അമേരിക്കയോടൊപ്പം ഇത്രയും നാള്‍ നിലകൊണ്ടത്.
പരസ്പരമുള്ള തീരുവകളല്ല, നയതന്ത്രവും സഹകരണവുമാണ് മുന്നോട്ടുള്ള വഴി എന്ന് മനസിലാക്കുന്നവരുടെ കൈകളിലാണ് ഭാവിയെന്നും അശോക് കുമാര്‍ കത്തില്‍ അഭിപ്രായപ്പെട്ടു. അഭിപ്രായവ്യത്യാസത്തിന് പകരം ആശവിനിമയം തിരഞ്ഞെടുക്കാമെന്നും നിയന്ത്രണത്തിന് പകരം ഏകോപനം തിരഞ്ഞെടുക്കാമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. പരസ്പരബഹുമാനം, ദൃഢനിശ്ചയം, പ്രതിബദ്ധത എന്നിവയിലൂടെ നമുക്ക് ഭാവി രൂപപ്പെടുത്താമെന്നും കത്തില്‍ അശോക് കുമാര്‍ പറയുന്നു.
Content Highlights: what if Indians boycott American firms aap mp open letter to trump