'ഓമഹയിലെ ദീർഘദർശി'; നിക്ഷേപരംഗത്തെ ഇതിഹാസം വാറൻ ബഫറ്റ് 95-ാം വയസ്സിൽ ഔദ്യോഗിക പദവി ഒഴിയുന്നു

#ന്യൂസ് ഡെസ്ക്
വാറന്‍ ബഫറ്റ് | ഫയല്‍ചിത്രം | എഎഫ്പി
വാറന്‍ ബഫറ്റ് | ഫയല്‍ചിത്രം | എഎഫ്പി

ന്യൂയോർക്ക്: പൂട്ടിപ്പോകാറായ തുണിമിൽ ആദ്യപടവാക്കി, ലോകത്തെ ഏറ്റവും വിജയിച്ച ഹോൾഡിങ് കമ്പനി പടുത്തുയർത്തിയ നിക്ഷേപരംഗത്തെ ഇതിഹാസം വാറൻ ബഫറ്റ് ബുധനാഴ്ച ഔദ്യോഗികപദവി ഒഴിയും. അറുപതോളം വർഷത്തെ സേവനത്തിനുശേഷമാണ് ബെർക്ഷയർ ഹാത്തവേ എന്ന ബഹുരാഷ്ട്രകമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പദവിയിൽനിന്ന് 95-ാം വയസ്സിൽ അദ്ദേഹം വിരമിക്കുന്നത്.

നിലവിലെ വൈസ് ചെയർമാൻ ഗ്രെഗ് ഏബൽ ജനുവരി ഒന്നിന് ബഫറ്റിൽനിന്ന് സിഇഒ പദവി ഏറ്റെടുക്കും. ഓഹരിയുടമയായി ബഫറ്റ് തുടരും. യുഎസിലെ നെബ്രാസ്‌കയിലുള്ള ഓമഹയിൽ സ്റ്റോക്ബ്രോക്കറുടെ മകനായാണ് ജനനം. 'ഓമഹയിലെ ദീർഘദർശി' എന്ന് അദ്ദേഹം പിന്നീട് അറിയപ്പെട്ടു. ലഘുപാനീയങ്ങളും മറ്റും വിറ്റുണ്ടാക്കിയ പണംകൊണ്ട് 11-ാം വയസ്സിൽ ആദ്യ ഓഹരിവാങ്ങിയ അദ്ദേഹം, 14-ാം വയസ്സിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപിച്ചു.

1956-ൽ ബഫറ്റ് അസോസിയേറ്റ്സ് എന്ന കമ്പനി തുടങ്ങി. 1962-ൽ 30-ാം വയസ്സിൽ ചാർലി മുംഗെറുമായിച്ചേർന്നാണ് ബെർക്ഷയർ ഹാത്തവേ എന്ന ടെക്സ്‌റ്റൈൽ കമ്പനിയുടെ ഓഹരി വാങ്ങിയത്. ഇന്ന് വിവിധ മേഖലകളിലെ 65-ലേറെ കമ്പനികളുള്ള ബഹുരാഷ്ട്ര കുത്തകയാണിത്. ഒരുലക്ഷംകോടി ഡോളറിലേറെയാണ് കമ്പനിയുടെ മൂല്യം. 12,500 കോടിയിലേറെ ഡോളറാണ് (ഏകദേശം 11.2 ലക്ഷം കോടി രൂപ) കമ്പനിയിൽ ബഫറ്റിന്റെ ഓഹരിയുടെ മൂല്യം. സമ്പാദ്യത്തിന്റെ വലിയൊരുഭാഗം ജീവകാരുണ്യപ്രവർത്തനത്തിന് നീക്കിവെച്ചു. ബഫറ്റിന്റെ മരണാനന്തരം 15,000 കോടി ഡോളർ (ഏകദേശം 13.4 ലക്ഷംകോടി രൂപ) ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനു കൈമാറും. 1958-ൽ വാങ്ങിയ അഞ്ചുമുറിവീട്ടിലാണ് താമസം.

നാട്ടിലെ സാധാരണ ഭക്ഷണശാലകളിൽനിന്നേ ആഹാരം കഴിക്കാറുള്ളൂ. 1952-ൽ സൂസൻ തോംപ്സണെ വിവാഹം കഴിച്ചു.

Content Highlights: Investment legend Warren Buffett, the `Omaha Oracle,` is stepping down as CEO of Berkshire Hathaway after a storied career. Learn about his incredible journey and the future.